പ്രണയിച്ച് വിവാഹം കഴിച്ച യുവതി അതിന് ഒത്താശചെയ്തയാൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി. യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് കാമുകൻ. വിവരമറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, കാമുകനൊപ്പം കണ്ട ഭാര്യയെ േപാലീസ് സ്റ്റേഷന് സമീപംവെച്ച് അടിച്ചുവീഴ്ത്തി. തല്ലുകൊണ്ട് ഭാര്യയുടെ തല പൊട്ടി. ആശുപത്രിയിലെത്തിച്ച് തുന്നലുമിട്ടു.
പന്തളം സ്വദേശിനിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ അഞ്ചുവർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാഹം ചെയ്തത്. ഇവർക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹത്തിന് എല്ലാസഹായങ്ങളും ചെയ്തുകൊടുത്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെ പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നുപറഞ്ഞ് ഭർതൃമാതാവ് അടൂർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന്, അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭർത്താവ് എത്തുകയായിരുന്നു.
അടൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മർദിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.











Leave a Reply