പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ. ഫെബ്രുവരി ഒന്നിന് ഉച്ചയോടെ തിരുവല്ല നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്ന് കൂട്ടാളികളുമാണ് കേസിൽ ഇതുവരെ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ഗൗരവമായി.
പൊലീസ് പറയുന്നതനുസരിച്ച്, സുബിനും സംഘവും നേരത്തെ തന്നെ സ്പായിൽ എത്തി അമ്പതിനായിരം രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത് സ്പാ ഉടമ നിഷേധിച്ചതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് സംഘം സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കി സ്ഥലം വിട്ടതായും പൊലീസ് വ്യക്തമാക്കി.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇരയായ യുവതി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി മൂന്നിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ ആറുപേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.











Leave a Reply