ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടനിൽ ട്രെയിൻ ഡ്രൈവർമാരുടെ കുറഞ്ഞ പ്രായപരിധി 20ൽ നിന്ന് 18 ആക്കി കുറയ്ക്കാനുള്ള നിയമനിർമാണ നീക്കവുമായി ബ്രിട്ടീഷ് സർക്കാർ മുന്നോട്ട് പോകുന്നതായുള്ള റിപോർട്ടുകൾ പുറത്തുവന്നു . ലേബർ സർക്കാർ ഈ ആഴ്ച തന്നെ ഹൗസ് ഓഫ് കോമൺസിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. നിലവിൽ ഗ്രേറ്റ് ബ്രിട്ടനിലെ റെയിൽവേ ശൃംഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരിൽ 30 വയസിന് താഴെയുള്ളവർ 3 ശതമാനത്തിൽ താഴെയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഡ്രൈവർമാരുടെ കുറവ് നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നീക്കം വേഗത്തിലാക്കുന്നത്.

നിലവിൽ രാജ്യത്തെ 24,000 ട്രെയിൻ ഡ്രൈവർമാരുടെ ശരാശരി പ്രായം 48 ആണ്. ഇതിൽ ഏകദേശം 25 ശതമാനം പേർ 2030-ഓടെ വിരമിക്കൽ പ്രായത്തിലെത്തും. നാഷണൽ സ്കിൽസ് അക്കാദമി ഫോർ റെയിലിന്റെ റിപ്പോർട്ട് പ്രകാരം നാല് വർഷത്തിനുള്ളിൽ 2,500 ഡ്രൈവർമാരുടെ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. പലരും 62 വയസിൽ റെയിൽവേ പെൻഷൻ ലഭിക്കുന്നതിനാൽ സ്റ്റേറ്റ് പെൻഷൻ പ്രായത്തിന് മുമ്പേ വിരമിക്കുകയാണ്. വെയിൽസിൽ, പ്രത്യേകിച്ച്, ഡ്രൈവർമാരിൽ രണ്ടിൽ ഒരാളോളം 55 വയസിന് മുകളിലാണ്. ഡ്രൈവർ ക്ഷാമം ഇതിനകം തന്നെ അവസാന നിമിഷ ട്രെയിൻ റദ്ദാക്കലുകൾക്കും സർവീസ് തടസ്സങ്ങൾക്കും കാരണമാകുന്നുണ്ട്.

ഡ്രൈവർമാരുടെ യൂണിയനായ ആസ്ലെഫ് (ASLEF) ഏറെക്കാലമായി പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. 18 വയസ്സുകാരെ ഉൾപ്പെടുത്തുന്നത് റെയിൽവേ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും വൈവിധ്യം കൂട്ടാനും സഹായിക്കുമെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. യൂറോപ്പിൽ തന്നെ ജർമനി, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ 18 വയസിൽ ട്രെയിൻ ഡ്രൈവർമാരാകാൻ അനുമതിയുണ്ട്. ശരാശരി 70,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ഈ ജോലി നേടാൻ കടുത്ത മത്സരവും മാനസികപരീക്ഷണങ്ങളും 12 മുതൽ 18 മാസം വരെ നീളുന്ന പരിശീലനവും കടക്കേണ്ടിവരും. യുവാക്കളെ നേരത്തെ തൊഴിൽ മേഖലയിൽ എത്തിച്ച് റെയിൽവേ സംവിധാനത്തെ മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു.











Leave a Reply