കൊല്ലം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് രംഗത്തെത്തി. ആ സംഭവങ്ങളിൽ ഉമ്മൻചാണ്ടിയുടെയും കുടുംബത്തിന്റെയും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ഗണേഷ്കുമാർ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ, ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഗണേഷ്കുമാർ അന്ന് ജയിലിലാകുമായിരുന്നുവെന്നും, തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ മന്ത്രിസ്ഥാനത്തിലെത്താനോ കഴിയില്ലായിരുന്നുവെന്നും ഉഷാ മോഹൻദാസ് പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഉമ്മൻചാണ്ടിയോടുള്ള വൈരാഗ്യം ഗണേഷിൽ ശക്തമായെന്നും അതാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ ആരോപിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളടങ്ങിയ ഒരു കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നുവെന്നും അത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉഷാ മോഹൻദാസ് വ്യക്തമാക്കി. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നും, പിന്നീട് ആ പേര് കൂട്ടിച്ചേർത്തതാണെന്നും അവർ പറഞ്ഞു. സോളാർ കേസും കത്തുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും, ഇത്രകാലം ഇക്കാര്യം തുറന്നു പറയാതിരുന്നതായും ഉഷാ മോഹൻദാസ് കൂട്ടിച്ചേർത്തു.











Leave a Reply