കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കി വന്ന നവകേരള സർവേ കേരള ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതി നേടിയിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് വിധി വിലയിരുത്തപ്പെടുന്നത്. ഈ മാസം 22 വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികൾ കോടതി തടഞ്ഞു.

സർവേക്കെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലിയും ഹർജി നൽകിയിരുന്നു. സർക്കാർ ചെലവിൽ നടത്തുന്ന സർവേ യഥാർത്ഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊതുപണം ദുരുപയോഗം ചെയ്യുകയാണെന്നും, ഇതുവഴി പാർട്ടിക്ക് വോട്ടർമാരുമായി ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്താൻ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതി ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി. മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തിയതെന്നും, സർക്കാർ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണിതെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ ആരംഭിച്ചതെന്ന ആരോപണവും കോടതിയിൽ ഉയർന്നു. വിശദമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി സർവേ അസാധുവാക്കി ഉത്തരവിട്ടത്.