കാഞ്ഞങ്ങാട്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നു കേട്ട വാക്കുകൾ ശ്രീനിവാസന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കിയ ഉദ്യോഗസ്ഥൻ ഒടുവിൽ “വിദേശത്തേക്ക് യാത്ര സാധ്യമല്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ചു നോട്ടീസ് നൽകി പുറത്തേക്ക് വിട്ടു. ദുബായിൽ ജോലി ചെയ്ത് കടങ്ങൾ വീട്ടാനും ഭാര്യയെയും രണ്ടുമക്കളെയും പ്രായമായ അമ്മയെയും നോക്കാനുമെന്ന ആഗ്രഹങ്ങളുമായി ജനുവരി 15-ന് മുംബൈയിലെത്തിയ കാഞ്ഞങ്ങാട് അരയി സ്വദേശി കൊളത്തിങ്കാൽ ഹൗസിലെ ശ്രീനിവാസൻ അന്ന് പകച്ചുനിന്നു.

പോലീസ് വെരിഫിക്കേഷനിലെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായത്. ഒരു കിലോമീറ്റർ അകലെയായി താമസിക്കുന്ന തരംബയിൽ ഹൗസിലെ മറ്റൊരു ശ്രീനിവാസന്റെ പേരിലുള്ള സ്ഥലത്തർക്ക കേസ് തെറ്റിദ്ധാരണയായി ഇദ്ദേഹത്തിന്റെ വിലാസത്തിൽ റിപ്പോർട്ട് ചെയ്തതാണെന്ന് പിന്നീട് വ്യക്തമായി. ഇരുവരുടെയും അച്ഛന്റെ പേര് കുഞ്ഞിക്കണ്ണൻ എന്നതും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇതോടെ വിമാനടിക്കറ്റിനായി ചെലവഴിച്ച 27,000 രൂപ നഷ്ടമായി. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തി പരിശോധനാ റിപ്പോർട്ട് തിരുത്തിച്ചയച്ച് വീണ്ടും പാസ്പോർട്ട് ഓഫീസിൽ എത്തി രേഖകൾ ശരിയാക്കിയ ശേഷമാണ് ശ്രീനിവാസൻ ആശ്വാസം വീണ്ടെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പരീക്ഷണം അവിടെ അവസാനിച്ചില്ല. 20,000 രൂപ കൂടി നൽകി വീണ്ടും ടിക്കറ്റ് എടുത്ത് ഫെബ്രുവരി 20-ന് കണ്ണൂർ വിമാനത്താവളം വഴി യാത്ര തിരിക്കാൻ എത്തിയപ്പോഴും ഇമിഗ്രേഷൻ ക്ലിയറിങ്ങിനിടെ പാസ്പോർട്ട് വീണ്ടും തടഞ്ഞു. നേരത്തെ തിരുത്തിയ വിവരങ്ങൾ പാസ്പോർട്ട് ഓഫീസിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ പുതുക്കാത്തതാണെന്നാണ് ലഭിച്ച വിശദീകരണം. കണ്ണീരോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്ന ശ്രീനിവാസൻ മാർച്ച് ഏഴിന് വിസാ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ദുബായിലെത്താനാകുമോ എന്ന ആശങ്കയിലാണ്.