ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളിയായ അഭിഷേക് റോയ് വിജയം നേടി. കൊല്ലം വാളകം സ്വദേശിയായ അഭിഷേക് സ്റ്റുഡന്റ് ഓഫിസറായി ആണ് തിരഞ്ഞെടുക്കപ്പെട്ടത് . മത്സരിച്ച ഏക മലയാളിയായിരുന്ന അഭിഷേക് വിജയിച്ച രണ്ടു ഇന്ത്യക്കാരിൽ ഒരാളാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ എഡ്യൂക്കേഷൻ ഓഫിസറായി വിജയിച്ച അനുഭവവും ഈ നേട്ടത്തിന് സഹായകമായി.
1898ൽ സ്ഥാപിതമായ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിക്ക് സ്ട്രാറ്റ്ഫോഡ്, ഡോക്ക്ലാൻഡ്സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളാണ് ഉള്ളത് . ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി 25,000ലധികം വിദ്യാർഥികൾ ആണ് ഇവിടെ പഠിക്കുന്നത് . വിദ്യാർഥി യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളവും മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം, വിദ്യാർഥി വിസയിൽ എത്തിയവർക്ക് ഒരു വർഷത്തെ അധിക കാലാവധിയും അനുവദിക്കും.
ഡോക്ക്ലാൻഡ്സ് ക്യാംപസിലെ എംബിഎ വിദ്യാർഥിയായ അഭിഷേക്, കൊച്ചി ഇൻഫോപാർക്കിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തശേഷം 2023 സെപ്റ്റംബറിൽ ആണ് ഉപരി പഠനത്തിനായി യുകെയിലെത്തിയത് . നിലവിൽ എഡ്യൂക്കേഷൻ ഓഫിസറും സ്റ്റുഡന്റ് ഗവർണറുമായും പ്രവർത്തിക്കുന്ന അദ്ദേഹം, യൂണിവേഴ്സിറ്റിയിലെ കേരള സൊസൈറ്റിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2026 ജൂലൈ 1 മുതൽ 2027 ജൂൺ 30 വരെയാണ് സ്റ്റുഡന്റ് ഓഫിസറെന്ന നിലയിലെ കാലാവധി.
കൊല്ലം കൊട്ടാരക്കരയിൽ സെൻ്റ് ഗ്രിഗോറിയോസ് കോളേജ് 2013–16 ബാച്ച് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്ന അഭിഷേക്, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു. വാളകം പൊലിക്കോട് ലവ് ഡെയ്ൽ വീട്ടിൽ റിട്ട. സർക്കാർ ജീവനക്കാരൻ എം. എസ്. റോയ്, പരേതയായ മിനി ജേക്കബ് എന്നിവരാണ് മാതാപിതാക്കൾ. നേഴ്സിങ് വിദ്യാർത്ഥിയായ മഹിമ മിനി റോയ് സഹോദരിയാണ്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, ജവഹർ ബാലമഞ്ച് ബ്ലോക്ക് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ കൂടുതൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കുകയും അക്കാദമിക നിലവാരം ഉയർത്തുകയും ചെയ്യുന്നതിനാണ് താൻ മുൻഗണന നൽകുകയെന്ന് അഭിഷേക് വ്യക്തമാക്കി.











Leave a Reply