ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ഹാമിൽ 16 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് 48കാരനെ കൊലപാതക സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗ്രോസ്‌വെനർ ഗാർഡൻസിലെ ഒരു വീട്ടിൽ പെൺകുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന വിവരത്തെത്തുടർന്നാണ് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയത്. എന്നാൽ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

സംഭവം ഒറ്റപ്പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അറസ്റ്റിലായ വ്യക്തിക്ക് മരിച്ച പെൺകുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ മരണവിവരം അറിയിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുടുംബത്തിന് ആവശ്യമായ പിന്തുണയും നൽകി വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, വാഹനങ്ങളിലെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ദൃശ്യങ്ങൾ എന്നിവ കൈവശമുള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം അഭ്യർഥിച്ചു.

സംഭവത്തിൽ ഈസ്റ്റ് ലണ്ടൻ പൊലീസിന്റെ ചുമതലയുള്ള ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജോ ലോയ്ഡ് പെൺകുട്ടിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് പൊലീസ് സാന്നിധ്യം തുടരുമെന്നും നാട്ടുകാർക്ക് ആവശ്യമായ സഹായവും സുരക്ഷാ ഉറപ്പും നൽകുമെന്നും അവർ വ്യക്തമാക്കി. ന്യൂഹാം മേയർ ഫോർഹാദ് ഹുസൈനും പെൺകുട്ടിയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരു കുട്ടിയെ നഷ്ടപ്പെടുന്ന വേദന ഒരു കുടുംബവും അനുഭവിക്കേണ്ടിവരരുതെന്നും ഈ ദുരന്തത്തിൽ കുടുംബത്തോടും സ്കൂൾ സമൂഹത്തോടും പ്രദേശവാസികളോടും ന്യൂഹാം ഒന്നിച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply