ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ തൊഴിൽ-പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് (DWP) തങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. അനധികൃതമായി സംവിധാനങ്ങളിൽ പ്രവേശിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ശനിയാഴ്ച വകുപ്പ് അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെയും സർക്കാർ സൈബർ കോ-ഓർഡിനേഷൻ സെന്ററിന്റെയും സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നിരവധി ആഭ്യന്തര സംവിധാനങ്ങൾ താൽക്കാലികമായി അടച്ചിട്ടിരുന്നെങ്കിലും അവ പിന്നീട് പുനഃസ്ഥാപിച്ചു. എന്നാൽ പൊതുജനങ്ങൾക്കായുള്ള ഓൺലൈൻ പോർട്ടൽ ഇപ്പോഴും പ്രവർത്തനരഹിതമാണ്. വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഇതുവരെ തെളിവുകളില്ലെന്നും പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങളുടെ പതിവ് വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം, സേവനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുകെയിലെ സർക്കാർ സംവിധാനങ്ങൾക്കെതിരായ സൈബർ സുരക്ഷാ ഭീഷണി വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളിലെ സുരക്ഷാ ദൗർബല്യങ്ങൾ പരിഹരിക്കണമെന്ന് പാർലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സമിതി അധ്യക്ഷ ചി ഒൻവുര ആവശ്യപ്പെട്ടു. പൊതുസേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം സുരക്ഷിതമായി നടപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.











Leave a Reply