വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം എടുത്തതെന്നും, ഏപ്രിൽ ആറു രാത്രി എട്ട് മണിവരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായും, മാധ്യമങ്ങളിൽ വരുന്ന ചില തെറ്റായ റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ നടക്കുന്ന ചര്‍ച്ചകള്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയും ഇസ്രായേലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു.
മാർച്ച് 22-ന് ഇറാനെതിരായ സൈനിക നടപടികൾ 48 മണിക്കൂർ നിർത്തിവെക്കുന്നതായി ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനത്തോടെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നാണ് വിലയിരുത്തൽ.











Leave a Reply