കൊച്ചിയിൽ യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ശനിയാഴ്ച അദ്ദേഹത്തെ നേരിട്ട് കോടതിയിൽ ഹാജരാക്കും; പൊലീസിന്റെ കസ്റ്റഡി അപേക്ഷയും തുടർന്ന് ജാമ്യാപേക്ഷയും അന്നേ ദിവസം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. സബ് ജയിലിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് “സത്യം പുറത്തുവരും” എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
ഒളിവിൽ കഴിയുന്നതിനിടെ തൊടുപുഴ മുട്ടത്ത് നിന്നാണ് രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രാവിലെ കൊച്ചി മരടിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റി.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ കഴിഞ്ഞ ജനുവരിയിൽ കാരവനിൽ വെച്ച് യുവനടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ആഴ്ചയാണ് നടി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ച് പരാതി നൽകിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് പ്രവർത്തകരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.











Leave a Reply