ബിനോയ് എം. ജെ.
അപൂർണ്ണത ഒരു മിഥ്യ ആണോ അതോ സത്യമാണോ. നാം എല്ലായിടത്തും അപൂർണ്ണതയെ കാണുന്നു. അപൂർണ്ണതയെ അനുഭവിക്കുന്നു. അതുകൊണ്ട് അത് തന്നെയാണ് സത്യം എന്ന് പലരും വാദിച്ചേക്കാം. അതുപോലെതന്നെ പൂർണ്ണത ഒരുമിഥ്യ ആണെന്നും പലരും വാദിച്ചേക്കാം. അപൂർണ്ണത സത്യമാണെന്നും പൂർണ്ണത മിഥ്യയാണെന്നുള്ള നമ്മുടെ ചിന്താഗതിയാണ് തുടക്കം തൊട്ട് തന്നെ പിഴച്ചു പോയിരിക്കുന്നത്. മനുഷ്യ ജീവിതത്തെ കണ്ണീരിൽ ആഴ്ത്തി തുടക്കം മുതൽ നാം ഈ തെറ്റായ വിശ്വാസത്തിൽ കഴിഞ്ഞുകൂടുന്നു. അതുമൂലം രോഗങ്ങളും ദുഃഖങ്ങളും മരണവും നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. ഈശ്വരൻ നമുക്ക് അന്യമാണ്. അങ്ങനെ ഒരു പദം എല്ലാവരും ഉപയോഗിക്കുന്നു എന്നത് കവിഞ്ഞ് അതിൽ കാര്യമായി അർത്ഥം ഒന്നുമില്ല.
നാവ് കൊണ്ട് നാം ഈശ്വരനെ ആരാധിക്കുന്നു, കർമ്മം കൊണ്ട് അവിടുത്തെ നിന്ദിക്കുകയും ചെയ്യുന്നു. പൂർണ്ണത ഈശ്വരന്റെ ലക്ഷണമാണ്. അപൂർണ്ണത ലോകത്തിന്റെയും. പൂർണ്ണത എല്ലാത്തിനെയും ഉൾക്കൊള്ളുന്നു. എല്ലാം അതിന്റെ ഉള്ളിലാണ്, അതിന് വെളിയിൽ യാതൊന്നുമില്ല. അത് സർവ്വവ്യാപിയാണ്. അങ്ങനെയാണെങ്കിൽ എവിടെയാണ് അപൂർണ്ണത കിടക്കുന്നത്? അങ്ങനെ ഒന്നിന് അവിടെ സ്ഥലമില്ല. അത് ഇല്ലാത്തതാണ്. അത് മിഥ്യയാണ്. ജഗത്ത് എന്നും പറഞ്ഞ് ഒന്ന് അവിടെ ഇല്ല. എല്ലാം ഈശ്വരനാണ്.
ആ ഈശ്വരൻ കുറവുകൾ ഇല്ലാത്തതാണ്. ആ അപരിമിതനായ ഈശ്വരന് കുറവുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടോ? തീർച്ചയായും ഇല്ല.
നാം എല്ലായിടത്തും കുറവുകൾ കാണുന്നുണ്ടെങ്കിൽ നാം മിഥ്യയിലാണ് എന്ന് നിസ്സംശയം പറയാം. ബ്രഹ്മസത്യം ജഗത് മിഥ്യ. ഒരേസമയം ഈശ്വരനെയും ജഗത്തിനേയും കൂടി കാണുവാൻ ഒരാൾക്ക് കഴിയുകയില്ല. ജഗത്തിനെ കാണുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനെ കാണുന്നവന് ജഗത്ത് തിരോഭവിച്ചിരിക്കുന്നു. അപൂർണ്ണതയെ കാണുവാനുള്ള വ്യഗ്രതയിൽ നാം പൂർണ്ണതയെ മറക്കുന്നു. പൂർണ്ണത പ്രകാശിക്കുന്നിടത്ത് അപൂർണ്ണതയ്ക്ക് സൗന്ദര്യമില്ല. വൈരൂപ്യത്തെ കാണുവാനുള്ള വ്യഗ്രതയിൽ നാം സൗന്ദര്യത്തെ മറക്കുന്നു.
എത്രയൊക്കെ തന്നെ ശ്രമിച്ചാലും നമുക്ക് പൂർണ്ണതയെയും സൗന്ദര്യത്തെയും ഉപേക്ഷിക്കുവാൻ കഴിയുകയില്ല. കാരണം നാം തന്നെ ആ പൂർണ്ണതയും സൗന്ദര്യവും ആകുന്നു.
അത് നമ്മുടെ സ്വരൂപം ആകുന്നു. പൂർണ്ണതയ്ക്കും സൗന്ദര്യത്തിനും വേണ്ടിയുള്ള ആ അന്വേഷണം നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കുന്നു. നാം ഇപ്പോൾ പൂർണ്ണതയിൽ അല്ല എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ അതുകൊണ്ട് തൃപ്തിപ്പെടുവാൻ മനുഷ്യന് കഴിയുകയില്ല. അവൻ എല്ലായിടത്തും പൂർണ്ണതയെയും സൗന്ദര്യത്തെയും അന്വേഷിച്ചു തുടങ്ങുന്നു. “ഇപ്പോൾ കാണുന്നത് പൂർണ്ണത അല്ല അതുകൊണ്ട് നമുക്ക് പൂർണ്ണത വേണം”. ഈ അന്വേഷണം സ്ഥലകാലങ്ങളെ ജനിപ്പിക്കുന്നു. “എനിക്ക് ഭാവിയിൽ പൂർണ്ണനാകുവാൻ സാധിക്കും.” അവിടെ സമയം ജന്മം എടുക്കുന്നു. “ഞാൻ പൂർണ്ണതയെ അന്വേഷിച്ച് കണ്ടെത്തും”. അവിടെ സ്ഥലം ജനിക്കുന്നു. സ്ഥലകാലങ്ങൾ മായയുടെ ലക്ഷണമാണ്. എന്നാൽ ഈശ്വരനാകട്ടെ
സ്ഥലകാലങ്ങൾക്കും അപ്പുറമാണ്. നാം അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും അവിടുത്തെ എല്ലായിടത്തും അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈശ്വരനെ കണ്ടെത്തുവാൻ നമുക്ക് കഴിയുന്നില്ല. കാരണം നാം ഇപ്പോൾ തന്നെ ഈശ്വരനാണ്. അവിടുത്തെ അന്വേഷിക്കുകയും അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമുക്ക് അവിടുത്തെ അനുഭവിക്കാൻ കഴിയാതെ പോകുന്നത്. ഒന്നുകിൽ പൂർണ്ണതയിൽ കഴിയുക അല്ലെങ്കിൽ അപൂർണ്ണതയിൽ കഴിയുക. നാം അപൂർണ്ണതയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ ക്ലേശങ്ങളെല്ലാം ഇവിടെയാണ് ആരംഭിക്കുന്നത്.
ഞാൻ കാണുന്നു. ഇവിടെ ഞാനും
കാണുന്ന വസ്തുവും രണ്ടാണ്. നാം ഇന്ദിരങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഒന്ന് പലതായി കാണുന്നു. അതായത് എനിക്ക് പൂർണ്ണതയെ ഇന്ദ്രിയങ്ങളിലൂടെ കാണുവാൻ കഴിയുകയില്ല. എന്നാൽ എനിക്ക് അതിനെ അനുഭവിക്കുവാൻ കഴിയും. പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന നാനാത്വത്തിൽ അധിഷ്ഠിതമായ ഈ ജഗത് മിഥ്യയാണ്. ജഗത്തിന്റെ പിറകെ ഓടാതെ ആത്മാവിൽ വസിക്കുവിൻ. നിങ്ങൾ ഇപ്പോൾ തന്നെ ആ ആത്മാവാണ്. നിങ്ങൾക്ക് ഏറ്റവും സമീപത്തുള്ളതും ആ ആത്മാവ് തന്നെ. നിങ്ങളും ഈശ്വരനും ഒന്നുതന്നെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120











Leave a Reply