ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 61,449 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഇത്തവണ അത് 30,514 ആയി കുറഞ്ഞു. പുതിയ കരിക്കുലത്തിന്റെ സ്വാധീനമാണോ ഈ കുറവിന് കാരണമെന്നത് വിശദമായി പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അറിയിച്ചു.
എ ഗ്രേഡും ബി ഗ്രേഡും നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കേരളത്തിലും ഗൾഫ് മേഖലയിലുമായി 3059 സ്കൂളുകളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ റവന്യൂ ജില്ലയായി കൊല്ലവും വിദ്യാഭ്യാസ ജില്ലയായി കൊട്ടാരക്കരയും മുന്നിലെത്തി. അതേസമയം പാലക്കാടും തിരൂരും ഏറ്റവും പിന്നിലുള്ള ജില്ലകളായി മാറി.
ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇത്തവണ മികച്ച വിജയം നേടിയത്. 20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി. സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കുമെന്നും പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി ഓൺലൈനായി അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.











Leave a Reply