തിരുവനന്തപുരം: വി.ഡി.സതീശൻ മുഖ്യമന്ത്രിയായുള്ള പുതിയ യുഡിഎഫ് സർക്കാർ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രിയുൾപ്പെടെ 21 അംഗ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആറു പതിറ്റാണ്ടിനുശേഷമാണ് യുഡിഎഫിന്റെ സമ്പൂർണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിലെത്തുന്നത്. കോൺഗ്രസിന് 12 മന്ത്രിമാരും മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരും ലഭിച്ചപ്പോൾ കേരള കോൺഗ്രസ്, ആർഎസ്പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ സീറ്റുവീതമാണ് ലഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കപ്പെടും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന് ലഭിച്ച സാഹചര്യത്തിൽ അപു ജോൺ ജോസഫിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ട്.
ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നീ വകുപ്പുകൾ വി.ഡി.സതീശൻ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്കും റവന്യൂ സണ്ണി ജോസഫിനും ലഭിക്കും. ആരോഗ്യം, വൈദ്യുതി ഉൾപ്പെടെയുള്ള വകുപ്പുകളെച്ചൊല്ലി അവസാന നിമിഷംവരെ ചർച്ചകൾ നടന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാപക ഗതാഗത നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.











Leave a Reply