പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടി അദ്ദേഹം വിജയിക്കുകയായിരുന്നു. എൽഡിഎഫിന്റെ എ.സി. മൊയ്തീനും എൻഡിഎയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എതിര്‍ സ്ഥാനാർഥികൾ. ദീർഘകാല രാഷ്ട്രീയപരിചയവും സഭാപരിചയവും ഉള്ള നേതാവിനെ സ്പീക്കർ പദവിയിലേക്ക് കൊണ്ടുവരണമെന്ന യുഡിഎഫ് നിലപാടാണ് തിരുവഞ്ചൂരിന്റെ തിരഞ്ഞെടുപ്പിന് പിന്നിൽ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ തിരുവഞ്ചൂർ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കെപിസിസി തുടങ്ങിയ സംഘടനകളിൽ നിർണായക ചുമതലകൾ വഹിച്ചു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായും സജീവമായി പ്രവർത്തിച്ചു. 2004-ലും 2011-ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം, ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
1991-ൽ അടൂർ മണ്ഡലത്തിൽ നിന്നാണ് തിരുവഞ്ചൂർ ആദ്യമായി നിയമസഭയിലെത്തിയത്. 2006 വരെ അടൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് കോട്ടയത്തേക്ക് മാറി തുടർച്ചയായി വിജയിക്കുകയും ജനപിന്തുണ നിലനിർത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായിരിക്കെ നിരവധി വിവാദ കേസുകളിൽ കർശന നിലപാട് സ്വീകരിച്ച നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണപരിചയവും രാഷ്ട്രീയ പക്വതയും പരിഗണിച്ചാണ് അദ്ദേഹത്തെ നിയമസഭയുടെ പുതിയ സഭാനാഥനായി തിരഞ്ഞെടുത്തത്.











Leave a Reply