ലണ്ടൻ ∙ ബ്രിട്ടനിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നേതൃത്വമാറ്റ ചർച്ചകൾ ശക്തമാകുന്നതിനിടെ ചാൻസലർ റേച്ചൽ റീവ്സ് സ്ഥാനം നിലനിർത്താൻ നീക്കമാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്രധാനമന്ത്രി കെയർ സ്റ്റാർമറിനു പകരം ആൻഡി ബേൺഹം അധികാരത്തിലെത്തിയാലും ധനമന്ത്രിസ്ഥാനത്ത് തുടരാനാണ് റീവ്സിന്റെ ആഗ്രഹമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യത നിലനിർത്താൻ റീവ്സിന് കഴിയുമെന്നാണ് അനുയായികൾ വാദിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു .

ബേൺഹം പ്രധാനമന്ത്രിയായാൽ എഡ് മിലിബാൻഡിനെ ചാൻസലറാക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ മിലിബാൻഡിന് സാമ്പത്തിക വിപണികളുടെ പിന്തുണ ലഭിക്കില്ലെന്നാണ് റീവ്സിന്റെ അനുയായികളുടെ വാദം. അതേസമയം രാജ്യത്തിന്റെ ധനകാര്യസ്ഥിരത ഉറപ്പാക്കാൻ കർശന സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോയ റീവ്സിന്റെ സമീപനം ഇപ്പോൾ ഫലം കാണുന്നുവെന്ന വിലയിരുത്തലും ചില സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. ഐഎംഎഫ് ബ്രിട്ടന്റെ വളർച്ചാനിരക്ക് ഉയർത്തിക്കാണിച്ചതും പണപ്പെരുപ്പം കുറഞ്ഞതും റീവ്സിന് ആശ്വാസമായിട്ടുണ്ട്.
എന്നാൽ ശൈത്യകാല ഇന്ധനസഹായം കുറച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കാരണം പാർട്ടിക്കുള്ളിൽ റീവ്സിനെതിരെ വിമർശനം തുടരുകയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടുവെന്നാണ് ചില എംപിമാരുടെ ആരോപണം. ലേബർ പാർട്ടിയിൽ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ചാൻസലർ പദവിക്കായുള്ള പോരും അത്രതന്നെ നിർണായകമാകുകയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നത്.











Leave a Reply