ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജിപിമാർക്ക് അമിത ജോലിഭാരം നേരിടേണ്ടിവരുന്നതിനാൽ വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്നുള്ള ബ്രിട്ടീഷ് പാർലമെന്ററി സമിതി റിപ്പോർട്ട് പുറത്തുവന്നു . 65 വയസിന് മുകളിലുള്ളവരിൽ പരിക്കുകളെ തുടർന്നുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വീഴ്ച. ഇതുമൂലം ആയിരക്കണക്കിന് ഹിപ് അസ്ഥി ഒടിവുകളും ആരോഗ്യരംഗത്തിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിയമപ്രകാരം മിതമായതോ ഗുരുതരമായതോ ആയ ശാരീരിക അവശതയുള്ള വയോജനങ്ങളെ കണ്ടെത്തുകയും വിലയിരുത്തുകയും പിന്തുണ നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്തം ജിപിമാർക്കുണ്ട്. എന്നാൽ 2024-25 കാലയളവിൽ ഇത്തരം രോഗികളിൽ വെറും 17 ശതമാനം പേരെ മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. ഗുരുതര അവശതയുള്ളവരിൽ 18 ശതമാനം പേർക്കു മാത്രമാണ് വീഴ്ചാ സാധ്യത വിലയിരുത്തിയത്. ഇതിൽ തന്നെ മരുന്നുകളുടെ അവലോകനം നടത്തിയതാകട്ടെ 16 ശതമാനത്തിൽ താഴെയുള്ള രോഗികൾക്കാണ് .

ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതടക്കമുള്ള പുതിയ ഉത്തരവാദിത്തങ്ങൾ ജിപിമാരുടെ മേൽ അധികഭാരം സൃഷ്ടിച്ചുവെന്നാണ് സമിതിയുടെ വിലയിരുത്തൽ. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഇതു തിരിച്ചടിയായതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീഴ്ച ഒഴിവാക്കുന്നതിനും അവശത നേരത്തെ കണ്ടെത്തുന്നതിനുമായി ഫാർമസിസ്റ്റുമാരുൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രവർത്തകരെ കൂടുതൽ ഉപയോഗപ്പെടുത്തുന്ന കാര്യവും എൻഎച്ച്എസ് പരിഗണിച്ചുവരികയാണ്.











Leave a Reply