തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയിൽ സ്വകാര്യനിക്ഷേപം അനുവദിക്കണമെന്നും ആണവവൈദ്യുതിനിലയങ്ങൾ സ്ഥാപിക്കണമെന്നും സർക്കാർ പുറത്തിറക്കിയ ധവളപത്രം . നിലവിൽ വൈദ്യുതി ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ ആവശ്യമായ വിഭവശേഷി കെ.എസ്.ഇ.ബി.ക്കില്ലെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സ്ഥാപനത്തിന് മോശം റെക്കോഡാണെന്നുമുള്ള ഗുരുതര വിമർശനവും ധവളപത്രത്തിലുണ്ട്. അതിനാൽ ഭാവിയിലെ വളർച്ച ഉറപ്പാക്കാൻ സ്വകാര്യ മേഖലയ്ക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടുതൽ അവസരം നൽകണമെന്ന് നിർദേശിക്കുന്നു.

സോളാർ പദ്ധതികളിലൂടെ 6000 മെഗാവാട്ടും ജലവൈദ്യുതി പദ്ധതികളിലൂടെ 8000 മെഗാവാട്ടും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. കൂടാതെ ക്ലോസ്ഡ് ലൂപ്, സ്മോൾ മോഡുലാർ ആണവനിലയങ്ങളിലൂടെയും അധിക ഉത്പാദനം വേണമെന്നും ധവളപത്രം പറയുന്നു. സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ആവശ്യകതയുടെ വെറും 21.7 ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക നിലയെ ബാധിക്കുന്നതുമാണെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെ.എസ്.ഇ.ബിയുടെ ആകെ നഷ്ടം 38,648.17 കോടി രൂപയായപ്പോൾ സ്ഥാപനത്തിന്റെ മൊത്തം ആസ്തിമൂല്യം 35,149.12 കോടി രൂപ മാത്രമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഡ്യൂട്ടി പിടിച്ചുവെക്കാൻ കെ.എസ്.ഇ.ബിയെ അനുവദിക്കരുതെന്നും ചെയർമാനെ നിരന്തരം മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, കേന്ദ്രസർക്കാർ മുന്നോട്ടുവച്ച വൈദ്യുതിമേഖല സ്വകാര്യവത്കരണ നീക്കങ്ങളെ മുമ്പ് എൽ.ഡി.എഫ് സർക്കാർ എതിർത്തിരുന്നതും ശ്രദ്ധേയമാണ്.