തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. കേന്ദ്ര തീരുമാനം വിദേശ മലയാളികളോട് കാണിക്കുന്ന കൊടുംചതിയാണ്. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോട് കേന്ദ്രം കാണിക്കുന്ന അനീതിയാണ്.

വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതില്‍ നിന്നൊരു രഹസ്യ യ ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണെന്നും തരൂര്‍ വിമര്‍ശം ഉയര്‍ത്തി.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരുമാനം പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യം ഉയര്‍ത്തി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.