ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന യുകെയിലെ ഷെർവുഡ് വനത്തിലെ ആയിരം വർഷം പഴക്കമുള്ള ‘മേജർ ഓക്ക്’ മരം മരിച്ചതായി അധികൃതർ അറിയിച്ചു. ഈ വർഷം മരം ഇലകൾ പുറപ്പെടുവിക്കാതിരുന്നതോടെയാണ് അതിന്റെ ജീവൻ നഷ്ടമായതായി സ്ഥിരീകരിച്ചത്. റോബിൻ ഹുഡും സംഘവും ഒളിവിൽ കഴിഞ്ഞിരുന്ന മരമെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഇത്.

അടുത്തകാലത്തുണ്ടായ കടുത്ത ചൂടും വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും മരത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വർഷങ്ങളായി ആയിരക്കണക്കിന് സന്ദർശകർ എത്തിയതുമൂലം വേരുകൾക്കു ചുറ്റുമുള്ള മണ്ണ് കട്ടിപിടിച്ചതും മരത്തിന്റെ ക്ഷയത്തിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു. മരം സംരക്ഷിക്കാൻ ആർ.എസ്.പി.ബി. വിവിധ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

1790 മുതൽ രേഖകളിൽ ഇടംപിടിച്ച മേജർ ഓക്ക് പ്രതിവർഷം ഏകദേശം 3.5 ലക്ഷം സന്ദർശകരെ ആകർഷിച്ചിരുന്നു. 11 മീറ്റർ ചുറ്റളവുള്ള തായ്ത്തടിയും 28 മീറ്റർ വ്യാപിച്ച ശിഖരവുമുള്ള ഈ ഭീമൻ മരം മരിച്ചെങ്കിലും അത് വെട്ടിമാറ്റില്ലെന്ന് അധികൃതർ അറിയിച്ചു. വന്യജീവികൾക്കും ചെറുജീവികൾക്കും ആവാസവ്യവസ്ഥയായി തുടർന്നും ഇത് നിലനിൽക്കുമെന്നും സംരക്ഷണ പ്രവർത്തകർ വ്യക്തമാക്കി.











Leave a Reply