ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 300 സാങ്കേതിക വിദഗ്ധരെ കൂടി നിയമിക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെപ്റ്റംബറോടെ നിയമന നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്വയം തീരുമാനമെടുത്ത് പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയുന്ന ‘ഏജന്റിക് എഐ’ സാങ്കേതികവിദ്യയുടെ വികസനത്തിനും ഉപയോഗത്തിനുമായി പുതിയ വിദഗ്ധർ പ്രവർത്തിക്കും.

അടുത്ത മാസം പുതിയ നയരൂപീകരണ പദ്ധതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായ ചാർലി നൺ ഈ നിയമന പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തുക, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുക, മനുഷ്യവിഭവശേഷി വിഭാഗത്തിലെ രേഖകൾ വിശകലനം ചെയ്യുക തുടങ്ങിയ മേഖലകളിൽ എഐയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാനാണ് ബാങ്കിന്റെ തീരുമാനം.

അതേസമയം, എഐയുടെ വ്യാപക ഉപയോഗം ഭാവിയിൽ ചില മേഖലകളിലെ തൊഴിൽ അവസരങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ പുതിയ സാങ്കേതിക മാറ്റങ്ങളോട് ജീവനക്കാരെ പൊരുത്തപ്പെടുത്തുന്നതിനായി പരിശീലനത്തിനും പുനർപരിശീലനത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം എഐ ഉപയോഗത്തിലൂടെ സ്ഥാപനത്തിന് ഗണ്യമായ സാമ്പത്തിക നേട്ടം ലഭിച്ചിരുന്നുവെന്നും ഈ വർഷം അത് കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.











Leave a Reply