ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു.കെ. മലയാളികൾ ഇന്ന് ജൂൺ 30 -ാം തീയതി കഴിഞ്ഞ ദിവസം അന്തരിച്ച ലിൻഡ മേരി ബാബുവിന് അന്ത്യയാത്രാമൊഴിയേകും. സ്കോട്ട്‌ ലൻഡിലെ വിറ്റ്ബേണിൽ നടക്കുന്ന പൊതുദർശനത്തിലും കുർബാനയിലും നൂറുകണക്കിന് മലയാളികൾ അന്ത്യാഞ്ജലി ആർപ്പിക്കാൻ എത്തിച്ചേരും . മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം സ്കോട്ട്‌ ലൻഡിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചയ്ക്ക് 1 മുതൽ 2 വരെ സെന്റ് ജോസഫ് ആർ.സി. ദേവാലയത്തിൽ പൊതുദർശനം നടക്കും. തുടർന്ന് 2 മുതൽ 3.30 വരെ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ റെക്വിയം കുർബാന അർപ്പിക്കും. എഡിൻബറോയിലെ സെന്റ് അൽഫോൻസ – സെന്റ് ആന്റണി മിഷൻ അംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ എന്നിവർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിലിന്റെ നേതൃത്വത്തിൽ ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

എഡിൻബറോയിലെ സെന്റ് അൽഫോൻസ–സെന്റ് ആന്റണി സീറോ-മലബാർ മിഷനിലെ സജീവ അംഗവും ലിവിങ്‌സ്റ്റൺ മലയാളി കമ്മ്യൂണിറ്റി (LMC), യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ (USMA) എന്നീ മലയാളി സംഘടനകളിലെ സജീവ പ്രവർത്തകയുമായിരുന്ന ലിൻഡ മേരി   ബാബുവിനെ അവസാനമായി യാത്രയയക്കാൻ സ്കോട്ട്‌ ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ എത്തുമെന്നാണ് പ്രതീക്ഷ. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം എല്ലാ സഹായവും പിന്തുണയുമായി സമീപത്തുള്ള മലയാളികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഈ ദുഃഖവേളയിൽ കുടുംബത്തോടൊപ്പമുണ്ട്. ചടങ്ങുകൾക്ക് ശേഷം ലിൻഡയുടെ ഭൗതികശരീരം തൃശൂർ തുരവൂരിലെ സെന്റ് അഗസ്റ്റിൻസ് സീറോ – മലബാർ ദേവാലയത്തിലേക്ക് കൊണ്ടുപോയി സംസ്കാരച്ചടങ്ങുകൾ നടത്തും. ഇതിന്റെ തീയതിയും മറ്റുള്ള വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.