ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഇന്റർസിറ്റി റെയിൽപാതയായ വെസ്റ്റ് കോസ്റ്റ് മെയിൻ ലൈനിൽ ട്രാക്കിലേക്ക് പശുക്കൂട്ടം കയറിയതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർക്ക് വൻ യാത്രാതടസ്സം ഉണ്ടായി. സ്റ്റാഫോർഡ്ഷെയറിലെ ആർമിറ്റേജ് മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ ഒൻപതോടെ സംഭവം നടന്നത്. ലണ്ടൻ–മാഞ്ചസ്റ്റർ സർവീസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.

ലണ്ടൻ യൂസ്റ്റണും സ്കോട് ലൻഡും തമ്മിൽ സർവീസ് നടത്തുന്ന അവാന്റി വെസ്റ്റ് കോസ്റ്റ്, ലൂമോ ട്രെയിനുകൾക്കും ലണ്ടൻ നോർത്ത് വെസ്റ്റേൺ, വെസ്റ്റ് മിഡ്ലാൻഡ്സ് സർവീസുകൾക്കും തടസ്സം നേരിട്ടു. ലിച്ച്ഫീൽഡ് ട്രെന്റ് വാലിയും റൂഗ്ലി ട്രെന്റ് വാലിയും തമ്മിലുള്ള പാത മണിക്കൂറുകളോളം തടസപ്പെട്ടതോടെ ചില ട്രെയിനുകൾ ബർമിങ്ഹാം വഴിയുള്ള ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാർക്ക് മറ്റ് സർവീസുകളിൽ ടിക്കറ്റുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കി.

പശുക്കളെ ട്രാക്കിൽനിന്ന് മാറ്റാൻ റെയിൽവേ അധികൃതർക്ക് കന്നുകാലികളുടെ ഉടമയെ ബന്ധപ്പെടുന്നതിൽ ആദ്യം ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോർട്ട്. ഒടുവിൽ കർഷകരുടെ സഹായത്തോടെ ഉച്ചയോടെ പശുക്കളെ സുരക്ഷിതമായി മാറ്റിയതോടെ പാത തുറന്നു. എന്നാൽ നേരത്തേ ഉണ്ടായ റദ്ദാക്കലുകളുടെയും വൈകലുകളുടെയും പ്രത്യാഘാതം വൈകുന്നേരം നാലുമണിവരെ തുടരാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.











Leave a Reply