ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ആലം റോക്ക് പ്രദേശത്ത് ഒരു മോസ്കിന് സമീപം നടന്ന വെടിവയ്പിൽ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 5.30ഓടെ ബോവിയർ റോഡിൽ വെടിവയ്പ് നടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വെടിയേറ്റ നിലയിൽ കണ്ടെത്തിയ കൗമാരക്കാരനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്കുകൾ ഗുരുതരവും ജീവന് ഭീഷണിയാകാവുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവം ഒരു മോസ്കിന് സമീപത്താണ് നടന്നതെങ്കിലും ആക്രമണത്തിന് മോസ്കുമായോ മതപരമായ കാരണങ്ങളുമായോ ബന്ധമുണ്ടെന്ന സൂചന നിലവിൽ ലഭിച്ചിട്ടില്ലെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫൊറൻസിക് പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് അധിക പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിവയ്പ് നേരിൽ കണ്ടവരോ വാഹന ക്യാമറകളിലോ ഡോർബെൽ ക്യാമറകളിലോ ദൃശ്യങ്ങൾ ലഭിച്ചവരോ അന്വേഷണ സംഘത്തെ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. പ്രതികളെ കണ്ടെത്താനും സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാക്കാനുമായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.











Leave a Reply