ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഈ വേനൽക്കാലത്തെ മൂന്നാമത്തെ ഉഷ്ണതരംഗം യുകെയെ പിടിച്ചുകുലുക്കുന്നതിനിടെ താപനില ഈ ആഴ്ച 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് (മെറ്റ് ഓഫിസ്) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച ചൂട് തിങ്കളാഴ്ചയോടെ ഔദ്യോഗിക ഉഷ്ണതരംഗ മാനദണ്ഡങ്ങൾ പിന്നിട്ടു. ബുധനാഴ്ച 33 ഡിഗ്രിയും വ്യാഴാഴ്ച 34 ഡിഗ്രിയും വെള്ളിയാഴ്ച 35 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് തുടക്കത്തിൽ ആശ്വാസ പ്രവചനം. ചൊവ്വാഴ്ച ലണ്ടനിലെ ടെഡിങ്ടണിൽ 32.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

തെക്കൻ ഇംഗ്ലണ്ടിൽ ഉൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വാരാന്ത്യം വരെയും ചൂട് തുടരുമെന്നാണ് മെറ്റ് ഓഫിസിന്റെ വിലയിരുത്തൽ. എന്നാൽ ഈർപ്പം വർധിക്കുന്നതോടെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുമെങ്കിലും പല പ്രദേശങ്ങളിലും കാലാവസ്ഥ വരണ്ടതും സുഖകരവുമായിരിക്കും. മിഡ്‌ലാൻഡ്സ്, തെക്കൻ, കിഴക്കൻ ഇംഗ്ലണ്ട് മേഖലകളിൽ ജൂലൈ 12 വരെ ആംബർ ആരോഗ്യ ജാഗ്രതയും വടക്കൻ ഇംഗ്ലണ്ടിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് മാസത്തിൽ 35.1 ഡിഗ്രിയും ജൂണിൽ റെക്കോർഡ് 37.7 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണത്തെ ഉഷ്ണതരംഗം റെക്കോർഡുകൾ തകർക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നിരുന്നാലും ദീർഘനാൾ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗങ്ങളിൽ ഒന്നാകാൻ ഇത് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത്. ഉയർന്ന ചൂട് മൂലം ചില ട്രെയിൻ സർവീസുകൾ റദ്ദാക്കേണ്ടി വന്നതായി ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ അറിയിച്ചു. രാത്രിയിലും ചില നഗരങ്ങളിൽ താപനില 20 ഡിഗ്രിക്ക് മുകളിൽ തുടരുന്ന ‘ട്രോപ്പിക്കൽ നൈറ്റ്’ സാഹചര്യം ഉണ്ടാകാമെന്നും, ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാനും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനും അധികൃതർ നിർദേശിച്ചു.











Leave a Reply