ഷിബു മാത്യൂ. മലയാളം യുകെ
ഭാരതത്തിൻ്റെ ആദ്യ വിശുദ്ധ, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഭക്തി നിർഭരമായി കൊണ്ടാടി. റവ.ഡോ.ജോയൽ പണ്ടാരപറമ്പിൽ കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ ഡയറക്ടറായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ തിരുന്നാൾ എന്ന പ്രത്യേകതയും ഈ തിരുനാളിനുണ്ട്. ജൂലൈ 26 ഞായറാഴ്ച്ച ഉച്തിരിഞ്ഞ് 2 .30 തിന് തിരുസ്വരൂപ പ്രതിഷ്ഠയും കഴുന്ന് സമർപ്പണവും 3 മണിയ്ക്ക് പ്രസുദേന്തി വാഴ്ചയും നടന്നു. 3.15 ന് മിഷൻ ഡയറക്ടർ റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് റവ. ഫാ. ആൻ്റോ പുതുവ MCBS ൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.

മിഷൻ ഡയറക്ടർ റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ സഹകാർമ്മികത്വം വഹിച്ചു. ദിവ്യബലിമദ്ധ്യേ ഫാ. ആൻ്റോ പുതുവ തിരുനാൾ സന്ദേശം നൽകി. വിശുദ്ധ തോമ്മാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശ്വാസ തീഷ്ണതയെ മാതൃകയാക്കിയുള്ള ജീവിതമായിരിക്കണം ഓരോ ക്രൈസ്തവൻ്റേതും. തലമുറകളിലേയ്ക്കും അത് പകർന്നു നൽകേണ്ട ഉത്തരവാദിത്വവും ഓരോ ക്രൈസ്തവനുമുണ്ടെന്ന് ഫാ. ആൻ്റോ പുതുവ തൻ്റെ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.

ആഘോഷമായ ദിവ്യബലിക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദിക്ഷണം നടന്നു. മരക്കുരിശിൻ്റെയും മുത്തുക്കുടകളുടെയും സാന്നിധ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റി ദേവാലയത്തിൽ പ്രവേശിച്ചു. കീത്തിലിയിലും പരിസരത്തു നിന്നുമായി നൂറ് കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദവും തിരുശേഷിപ്പ് ചുംബനവും നടന്നു. തുടർന്ന് തിരുനാൾ കൊടിയിറക്കിന് ശേഷം സ്നേഹവിരുന്നോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു.












Leave a Reply