ന്യൂഡല്‍ഹി: അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായി സരയൂ തീരത്താണ് പ്രതിമ നിര്‍മിക്കുന്നത്. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതിനായുള്ള വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

പ്രതിമക്ക് 100 മീറ്റര്‍ ഉയരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു സംബന്ധിച്ചുള്ള സ്ലൈഡ് ഷോ വ്യക്തമാക്കുന്നതും ഇപ്രകാരമാണ് സൂചന നല്‍കുന്നത്. എന്നാല്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ച ശേഷം പ്രതിമാ നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സരയൂ തീരത്ത് ശ്രീരാമ കഥാ ഗ്യാലറി നിര്‍മിക്കാനും ഓഡിറ്റോറിയം നിര്‍മിക്കാനും പദ്ധതിയുണ്ട്. അയോധ്യാ വികസനത്തിന് 195.96 കോടിയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ കേന്ദ്രാനുമതി തേടിയിട്ടുള്ളത്. ഇതില്‍ 133.7 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.