പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.

2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.