വൃന്ദ പാലാട്ട്
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘ചിദംബര സ്മരണ ‘ എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ ഒരു സംഭവമുണ്ട്. പ്രശസ്തിയുടെ ആദ്യകാലങ്ങളിലെ ഒരു ദിവസം ഒരു ഓണനാളിൽ വിശന്നു വലഞ്ഞ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു വീട്ടിലേക്ക് കയറി ചെല്ലുകയും പിച്ചക്കാരനാണെന്ന് കരുതി വീട്ടുകാർ പുറകിൽ കൊണ്ടു പോയി ഇരുത്തി ഊണ് കൊടുക്കുകയും ചെയ്തു. അപ്പോഴാണ് അവിടത്തെ ഒരു പെൺകുട്ടി ചുള്ളിക്കാടിനെ കാണുന്നതും കവിയെ തിരിച്ചറിയുന്നതും . പെൺകുട്ടിയുടെ അത്ഭുതം പുരണ്ട നോട്ടത്തിന് മുന്നിൽ ജാള്യതയോടെ ഉരുട്ടിയ ഉരുള ഇലയിലിട്ട് ചുള്ളക്കാട് ധൃതിയിൽ ഇറങ്ങി പോന്നു .
കാണം വിറ്റും നമ്മൾ ഓണം ആഘോഷിക്കുമ്പോൾ ഓണം പലവിധ കാരണങ്ങളാൽ ആഘോഷിക്കാൻ കഴിയാതെ വരുന്ന കുറെ ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാകാം. നമുക്ക് സന്തോഷപൂർവ്വം അവരെയും നമ്മുടെ ആഘോഷങ്ങളിൽ പങ്കു ചേർക്കാം. ” മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ”
എന്ന ഓണപ്പാട്ടിനെ നമുക്ക് ചുറ്റുമുള്ളവരെ കൂടെ കൂട്ടി ആഘോഷിച്ചു പ്രവർത്തികമാക്കാം. ഒരു പക്ഷെ നിങ്ങൾ കൂടെ ഇരുത്തി ഊട്ടുന്നത് വിശന്നിരിക്കുന്ന ഒരു ബാലചന്ദ്രൻ ചുള്ളിക്കാടിനെ ആയിരിക്കാം, അല്ലെങ്കിൽ തെരുവുകൾ തോറും ഭിക്ഷ യാചിച്ചു നടക്കേണ്ടി വന്ന അനുഗൃഹീത ഗായകൻ മെഹബൂബിനെയായിരിക്കാം .
“കാണമെഴുതിയുണ്ണേണം
എന്തോരോണ തിരക്കാണവിടെ
അഞ്ചു വയസ്സു കഴിയാതുള്ള പിഞ്ചു കിടാങ്ങളാണെല്ലാം ”
എന്നൊരു കവിത ചെറുപ്പക്കാലത്ത് ചേച്ചിമാർ പാടി പഠിക്കുന്നത് കണ്ടിട്ടുണ്ട്. കുട്ടികൾ ഓണം ആഘോഷിക്കുന്നതിനെ കുറിച്ചാണ് പി. കുഞ്ഞിരാമൻ നായർ പറഞ്ഞത്. എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ ചേച്ചിമാരൊക്കെ ഓണക്കാലത്ത് എന്നെ അവഗണിക്കുകയും മുറ്റത്ത് പൂക്കളം ഉണ്ടാക്കുക എന്ന ജോലിയിൽ ഞാൻ ഒതുങ്ങുകയും ചെയ്യും . എവിടെ നിന്നെങ്കിലും ഒക്കെ പൂക്കൾ പൊട്ടിച്ച് കൊണ്ടുവന്ന് എൻ്റേതായ രീതിയിൽ ഒരു പൂക്കളം ഞാൻ നിരത്തും.
കുമാരനാശാൻ ‘ദുരവസ്ഥയിൽ ‘ പാടിയത് പോലെ
” വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം .”
എന്നതാണ് അന്നത്തെ ഞാൻ ഉണ്ടാക്കുന്ന പൂക്കളത്തിൻ്റെ ദുരവസ്ഥ . എങ്കിലും ഒള്ളത് കൊണ്ടോണം പോലെ പൂക്കളങ്ങൾ ഞാനുണ്ടാക്കി !
കാലചക്രം ഉരുണ്ടപ്പോൾ, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഉദ്യോഗം കയ്യിലെത്തിയപ്പോൾ അവിടത്തെ പലവിധ കലാ പരിപാടികളിലും ഞാൻ ജഡ്ജ് ആയി വേഷമിട്ടു . അതിലൊന്നാണ് പൂക്കള മൽസരം ! ഏതായാലും
‘ വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?’
എന്നാശ്വസിച്ചു കൊണ്ട് ആ പൂക്കളങ്ങൾ നോക്കി ഞാൻ മാർക്കിട്ടു , സമ്മാനങ്ങളും കൊടുത്തു . എങ്കിലും ഒന്നു പറയാം , നമ്മളെയൊക്കെ വെല്ലുന്ന കൗമാര കലാബോധത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കേണ്ടി വന്ന അവസരങ്ങളായിരുന്നു , അവയെല്ലാം .
ഓണം പ്രകൃതിക്കും മനുഷ്യനും സന്തോഷം തരുന്ന ഉൽസവമാണ്. കൊയ്ത്തു പാട്ടിൻ്റെ താളം തേടുന്ന വയലേലകളും ജലമർമ്മരം തേടുന്ന വള്ളംകളിയും സൗന്ദര്യ വെളിച്ചത്തിൽ വിരിയുന്ന തുമ്പപൂക്കളും എല്ലാം ഓണത്തിൻ്റെ പ്രത്യേകതയാണ് . അത് പോലെ തന്നെ സമത്വത്തിൻ്റെയും സാമൂഹ്യ പ്രതിബദ്ധതയുടേയും അടയാളം കൂടിയാണ് നമ്മുടെ പൊന്നോണം .
മനുഷ്യരെല്ലാവരും ഒന്നു പോലെ ജീവിച്ച കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലിക്കാലം ഇനി തിരിച്ചു വരുമോ എന്ന കാര്യം നമുക്ക് തീർച്ചപ്പെടുത്താനാവില്ല . പക്ഷേ അതിനായി നമുക്ക് അവിരാമമായി ആഗ്രഹിക്കാം.
” പൂ വേണം പൂപ്പട വേണം പൂവിളി വേണം ”
എന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള നമ്മുടെ പ്രതീക്ഷ . പക്ഷേ ഇതെല്ലാം ഉണ്ടായാലും ഓണമാവില്ല . പിന്നെയോ മനസ്സിൻ്റെ നന്മ നിറയുന്ന പ്രത്യാശയുടെ കനക കസവിട്ട നിലാവാകണം നമ്മുടെ പൊന്നോണം . ആ നല്ല ഹൈമവതഭൂമിക്കായി കാത്തിരിക്കാം.
” മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു ”
എന്ന വയലാറിൻ്റെ വരികൾ നമ്മളിൽ പുലരണം. മാവേലി മന്നൻ്റെ മാണിക്യ തേരാവണം ഓരോ മലയാളി മനസ്സും .
ഓരോ മലയാളിയുടെ മനസ്സിലും ഓണത്തെ കുറിച്ച് ഒരു പാട് ഓർമ്മകൾ ഉണ്ടാകും.
തന്നിലേക്ക് നോക്കാതെ അപരനിലേക്ക് നോക്കുമ്പോഴാണ് ഓരോ ഓണവും അര്‍ത്ഥവത്താകുന്നത്. കഴിഞ്ഞുപോയ പ്രളയവും, മാരക രോഗങ്ങളും വയനാടൻ ദുരന്തവും നമ്മൾ മലയാളികൾ ഒരുമിച്ച് എതിരിട്ടു , ഭേദങ്ങൾ നോക്കാതെ പരസ്പരം സഹായിച്ചു. നമ്മൾ സാഹോദര്യത്തിൻ്റെ കരുത്ത് നേടി. ഇനി നമുക്ക് ആകുലതകൾ മറന്ന് സന്തോഷത്തോടെ ഓണത്തെ വരവേൽക്കാം .
” ഭ്രമമാണ് പ്രണയം വെറും ഭ്രമം,
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം”
എന്ന് കാട്ടാക്കട പാടുമ്പോൾ നമ്മളലോചിക്കും , പ്രണയത്തെ കുറിച്ച് പറഞ്ഞത് ശരിയല്ലേ എന്ന്. എന്നാലത് ശരിയല്ല , കാരണം പ്രണയം ഒരിക്കൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രമാണ് അതെത്ര മനോഹരമായ അനുഭവമായിരുന്നു എന്ന് മനസ്സിലാക്കുന്നത്. മറ്റൊരു വിധത്തിൽ പറയുയൊണെങ്കിൽ ഭരണാധികാരികൾ ജനങ്ങളെ പ്രണയിച്ചാൽ ജനങ്ങളും തിരിച്ചു പ്രണയിക്കും . വെറും വീൺവാക്കിൻ്റെ വിരുതിനാൽ വാഗ്ദാന സൗധം തീർക്കുന്ന ഇന്നത്തെ ഭരണാധികാരികളെ കാണുമ്പോഴാണ്
“കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം ”
എന്ന മാവേലി മന്നൻ്റെ ഭരണം എത്ര സുന്ദരമായിരിക്കും എന്ന് തോന്നി പോവുന്നത് . ഇപ്പോഴത്തെ ഭരണക്കാരെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നതും അപ്പോഴാണ് .
എന്നാലും നമുക്ക് ഹൃദയപൂർവം പ്രത്യാശിക്കാം, എന്നെങ്കിലും മഹാബലിയെ പോലെ നീതിമാനായ ഒരു ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന് . മനുഷ്യൻ്റെ സമത്വ ബന്ധുരമായ കാഞ്ചന ഹൃദയങ്ങൾ പരസ്പരം പൂങ്കുയിലായി പാടുമെന്ന് . അതിനായി നമുക്ക് കാത്തിരിക്കാം .
അവസാനമായി ഞാനും എൻ്റെ സ്വന്തം ഒരു നാല് വരി ഓണക്കവിത രചിച്ചു കൊണ്ട് ഓണാശംസകൾ നേരുന്നു ,
” ഓണം വന്നോണം വന്നോണം വന്നു
പൂവണി മാവേലി നാടുണർന്നു
മാനത്തെ മന്ദാര പൂക്കളെല്ലാം
മുറ്റത്ത് പൂത്ത് വിടർന്നു നിന്നു. ”
വൃന്ദ പാലാട്ട് :- വൈപ്പിനിലെ വേമ്പനാട്ടുകായൽ തീരത്ത് ജനിച്ച വൃന്ദ പാലാട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷം സാഹിത്യ-സംഗീത രംഗങ്ങളിൽ സജീവമാണ്. ചെറുകഥ, കവിത, ഓർമ്മക്കുറിപ്പ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അവർക്ക് കേരള എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂദാസിന്റെ കാമുകി, ചക്രവർത്തിനിമാർ യാചിക്കാറില്ല എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം പൊള്ളിച്ച പൂക്കൾ എന്ന കവിതാസമാഹാരവും ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന ആത്മകഥാംശമുള്ള കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന പുസ്തകത്തിന് യു.എ. ഖാദർ പുരസ്‌കാരവും കോവിലൻ പുരസ്‌കാരവും ലഭിച്ചപ്പോൾ നിർമ്മിത ബുദ്ധി എന്ന കഥയ്ക്ക് ഒ.വി. വിജയൻ പുരസ്‌കാരവും നേടി. ഗാനസരണിയിൽ ഒരു സഞ്ചാരി എന്ന ഗാനസ്മരണാപുസ്തകത്തിന്റെ രചയിതാവായ അവർ സ്വന്തമായി രചിച്ച 10 ലളിതഗാനങ്ങൾ യൂട്യൂബ് വീഡിയോകളായി പുറത്തിറക്കിയിട്ടുണ്ട്. വിലാസം: രാഗമാലിക, അഴിക്കൽ, വൈപ്പിൻ – 682508.














Leave a Reply