വൃന്ദ പാലാട്ട്
മധു നിറയും പൂങ്കിനാക്കൾ
തുമ്പപ്പൂക്കളുമായി
മനം നിറയും പൊന്നണിയും
തിരുവോണം വരവായി
കൊഞ്ചും പൊന്മകൾ കഴുത്തിലണിയാൻ
കുന്നിക്കുരുമാല
ഓമൽ കൈകളിൽ തരിവളയണിയാൻ
അമ്പിളിപ്പെണ്ണ് .
പാടമെല്ലാം വയൽക്കിളികൾ
പറന്നു വന്നല്ലോ – തേൻ
മാവിൻ കൊമ്പിൽ ഊഞ്ഞാലാടാൻ
തുമ്പികൾ വന്നല്ലോ
ഇന്നലെ നമ്മൾ കണ്ടൊരു സ്വപ്നം
തളിർത്തു വന്നല്ലോ
പച്ചോല പന്തലിനുള്ളിൽ
കിളിമകൾ വന്നല്ലോ..
പൂങ്കിളിമകൾ വന്നല്ലോ..
കറ്റ കൊയ്യണ അമ്പിളി പെണ്ണിന്
നിറപറ വിളയാണേ
കാർമുകിൽ മാലകൾ കണ്ണെറിയും പൊന്നിൻ മയിലാണേ
മിന്നും കനവായി പെടപെടക്കണ
താമര മിഴിയാണേ
ഓണം കഴിഞ്ഞാൽ പതം തികഞ്ഞാൽ
വേളി പെണ്ണാണേ
നിറവേളി പെണ്ണാണേ .
വൃന്ദ പാലാട്ട് :- വൈപ്പിനിലെ വേമ്പനാട്ടുകായൽ തീരത്ത് ജനിച്ച വൃന്ദ പാലാട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷം സാഹിത്യ-സംഗീത രംഗങ്ങളിൽ സജീവമാണ്. ചെറുകഥ, കവിത, ഓർമ്മക്കുറിപ്പ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അവർക്ക് കേരള എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂദാസിന്റെ കാമുകി, ചക്രവർത്തിനിമാർ യാചിക്കാറില്ല എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം പൊള്ളിച്ച പൂക്കൾ എന്ന കവിതാസമാഹാരവും ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന ആത്മകഥാംശമുള്ള കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന പുസ്തകത്തിന് യു.എ. ഖാദർ പുരസ്കാരവും കോവിലൻ പുരസ്കാരവും ലഭിച്ചപ്പോൾ നിർമ്മിത ബുദ്ധി എന്ന കഥയ്ക്ക് ഒ.വി. വിജയൻ പുരസ്കാരവും നേടി. ഗാനസരണിയിൽ ഒരു സഞ്ചാരി എന്ന ഗാനസ്മരണാപുസ്തകത്തിന്റെ രചയിതാവായ അവർ സ്വന്തമായി രചിച്ച 10 ലളിതഗാനങ്ങൾ യൂട്യൂബ് വീഡിയോകളായി പുറത്തിറക്കിയിട്ടുണ്ട്. വിലാസം: രാഗമാലിക, അഴിക്കൽ, വൈപ്പിൻ – 682508.














Leave a Reply