ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂൾ : ഒരുപിടി സ്വപ്നങ്ങളുമായി യുകെയിലെത്തിയ വയനാട് സ്വദേശിനിയായ മലയാളി യുവതി ലിവർപൂളിൽ അന്തരിച്ചു . വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ–ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. പിത്താശയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു പിന്നാലെയായിരുന്നു അന്ത്യം. ഗാൾബ്ലാഡർ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മയ്ക്ക് ഓപ്പറേഷനു ശേഷം ചികിത്സയിൽ കഴിയുന്നതിനിടെ കടുത്ത തലവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത് . മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.

പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലിവർപൂളിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും. വിദ്യാർഥി വിസയിൽ യുകെയിലെത്തിയ രേഷ്മയുടെയും ഭർത്താവ് ശ്രീരാഗ് കെ. ബാബുവിന്റെയും പോസ്റ്റ് സ്റ്റഡി വർക്ക് വിസ അടുത്ത ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടിലുള്ള ഏക മകൾ മിഴി ശ്രീരാഗിനെ തനിച്ചാക്കി രേഷ്മ യാത്രയാകുമ്പോൾ പ്രിയതമയുടെ വേർപാടിന്റെ ആഘാതത്തിൽനിന്ന് മുക്തനാകാനാകാതെ കഴിയുകയാണ് ഭർത്താവ് ശ്രീരാഗ്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രവാസ ജീവിതത്തിനിടെ അപ്രതീക്ഷിതമായി എത്തിയ ദുരന്തം രേഷ്മയുടെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷമായിരിക്കും സംസ്കാരം.

രേഷ്മ രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.