ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സിറ്റർ: ബുഡാപെസ്റ്റിൽ നടന്ന 31-ാമത് വേൾഡ് അസോസിയേഷൻ ഓഫ് കിക്ക്ബോക്സിങ് ഓർഗനൈസേഷൻ (WAKO) ഹംഗേറിയൻ കിക്ക്ബോക്സിങ് വേൾഡ് കപ്പിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് മലയാളി ബാലൻ ജോഷുവ ആന്റണി നടുവിലവീട്ടിൽ വെള്ളിമെഡൽ നേടി. 11 വയസ്സുകാരനായ ജോഷുവ 32 കിലോഗ്രാം വിഭാഗത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. ഓഗസ്റ്റ് 27 മുതൽ 30 വരെ നടന്ന ടൂർണമെന്റിൽ 47 രാജ്യങ്ങളിൽനിന്നായി 3600 താരങ്ങൾ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത ഏക മലയാളി ബാലനും ജോഷുവയായിരുന്നു.

ജോഷുവ ആന്റണി എക്സിറ്ററിൽ താമസിക്കുന്ന ജോസഫിന്റെയും ജിൻസി ആന്റണിയുടെയും മകനാണ്. ബെൻസൺ ആന്റണിയാണ് സഹോദരൻ. യുകെയിലെ വിവിധ സംഘടനകൾ സംഘടിപ്പിച്ച കിക്ക്ബോക്സിങ് മത്സരങ്ങളിൽ ഇതിനകം നിരവധി സ്വർണമെഡലുകളും വെള്ളിമെഡലുകളും ജോഷുവ നേടിയിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ടൈഗർസ്റ്റൈൽ കരാട്ടെ ക്ലബ്ബിലാണ് കിക്ക്ബോക്സിങ് പരിശീലനം ആരംഭിച്ചത്. 2025 നവംബറിൽ പ്ലൈമൗത്തിൽ നടന്ന ഇന്റർക്ലബ് ടൂർണമെന്റിൽ വെങ്കലമെഡൽ നേടിയാണ് മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഹംഗേറിയൻ ലോകകപ്പിലെ വെള്ളിമെഡൽ നേട്ടത്തോടെ രാജ്യാന്തര കിക്ക്ബോക്സിങ് വേദിയിലും ജോഷുവ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് . എറണാകുളം പച്ചാളം സ്വദേശികളാണ് ജോഷുവയുടെ കുടുംബം. ഗ്രേറ്റ് ബ്രിട്ടനിൽനിന്ന് മത്സരിച്ച് അന്താരാഷ്ട്ര വേദിയിൽ നേട്ടം കൈവരിച്ച ജോഷുവയുടെ പ്രകടനം യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനമായി.












Leave a Reply