ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെഫീൽഡ്: ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ നവജാത ശിശു കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ വിൻകോബാങ്കിലെ ഹോളിവെൽ ഹൈറ്റ്സിലുള്ള ഒരു വീട്ടിൽ കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ഗുരുതരമായി പരിക്കേറ്റ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൊലപാതക സംശയത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് രണ്ടുപേരെ ജാമ്യത്തിൽ വിട്ടയച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ കുത്തേറ്റുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് വ്യക്തമായതായി സൗത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. ശേഷിക്കുന്ന അഞ്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൂടുതൽ സമയം കസ്റ്റഡിയിൽ തുടരാൻ പൊലീസ് അനുമതി നേടിയിട്ടുണ്ട്.

കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ടോം വുഡ്വേഡ് പറഞ്ഞു. കുഞ്ഞിന്റെ മരണം അടിയന്തിരസേവന വിഭാഗത്തെയും പ്രാദേശിക സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണം പൂർത്തിയാക്കി കുഞ്ഞിന് നീതി ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.











Leave a Reply