ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ നിലവാരം ഉയർത്താൻ പുതിയ ഭക്ഷണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി സ്കൂൾ ഭക്ഷണരംഗത്ത് വരുത്തുന്ന ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നാണിതെന്ന് സർക്കാർ വ്യക്തമാക്കി. 2027 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഡീപ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കും. പകരം പഴങ്ങൾക്കും പച്ചക്കറികൾക്കും കൂടുതൽ പ്രാധാന്യം നൽകും. ഭക്ഷണത്തിൽ നാരുകളും മുഴുധാന്യങ്ങളും വർധിപ്പിക്കണമെന്നും എല്ലാ വിഭവങ്ങൾക്കൊപ്പവും കുറഞ്ഞത് ഒരു പഴമോ പച്ചക്കറിയോ നൽകണമെന്നും നിർദേശമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേക്ക് പോലുള്ള മധുരപലഹാരങ്ങളും പ്രോസസ്ഡ് മാംസവിഭവങ്ങളായ ഹാം, സോസേജ്, ചിക്കൻ നഗറ്റ്സ് തുടങ്ങിയവയും നിയന്ത്രിക്കും. സെക്കൻഡറി സ്കൂളുകളിൽ മധുരപലഹാരങ്ങൾ ആഴ്ചയിൽ രണ്ടുതവണയും പ്രൈമറി സ്കൂളുകളിൽ ഒരുതവണയും മാത്രമേ നൽകാവൂ. ഇവയ്ക്കൊപ്പം പഴവും നിർബന്ധമായും നൽകണം. പ്രോസസ്ഡ് മാംസവിഭവങ്ങൾ ആഴ്ചയിൽ ഒരുതവണയായി പരിമിതപ്പെടുത്തുകയും പച്ചക്കറിയോ പഴമോ കൂടെ നൽകുകയും വേണം. ഡീപ് ഫ്രൈ ചെയ്ത ചിപ്സിന് പകരം ഓവനിൽ ബേക്ക് ചെയ്ത ചിപ്സ് നൽകണം. പാസ്തയിൽ ആഴ്ചയിൽ ഒരുതവണ 50 ശതമാനം മുഴുഗോതമ്പ് ഉപയോഗിക്കണമെന്നും ഉയർന്ന നാരുകളുള്ള ബ്രെഡ് നിർബന്ധമാക്കുമെന്നും സർക്കാർ അറിയിച്ചു.

സ്കൂളുകളിലെ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകൾക്കും ആദ്യമായി പോഷകാഹാര മാനദണ്ഡങ്ങൾ ബാധകമാകും. അടുത്ത സെപ്റ്റംബർ മുതൽ പേസ്ട്രികളും ഫ്രൈഡ് എഗ്ഗും ഒഴിവാക്കുന്നതിനൊപ്പം സീരിയലുകളിൽ പഞ്ചസാരയുടെ അളവിനും പരിധിയുണ്ടാകും. കൊക്കോ പോപ്സ് പോലുള്ള ഉയർന്ന പഞ്ചസാരയുള്ള സീരിയലുകളും ചോക്ലേറ്റ് സ്പ്രെഡും അനുവദിക്കില്ല. കുട്ടികളിലെ അമിതവണ്ണം കുറയ്ക്കുക, പോഷകാഹാരം മെച്ചപ്പെടുത്തുക, പഠനത്തിലും ഏകാഗ്രതയിലും ക്ഷേമത്തിലും പുരോഗതി ഉറപ്പാക്കുക എന്നിവയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യം. സ്കൂൾ ഭക്ഷണനയങ്ങളും മെനുകളും ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്നും സ്കൂളുകളിൽ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. പുതിയ പരിഷ്കാരങ്ങളെ സ്കൂൾ നേതാക്കളുടെ സംഘടന സ്വാഗതം ചെയ്തെങ്കിലും ഭക്ഷണശാലകൾക്കും പാചക ജീവനക്കാരുടെ പരിശീലനത്തിനും കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.