ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കോടതികളിലും ജയിലുകളിലും അനുഭവപ്പെടുന്ന കടുത്ത സമ്മർദം മൂലം ഇംഗ്ലണ്ടിലും വെയിൽസിലും കൂടുതൽ ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികളെ ജയിലിലടയ്ക്കാതെ ജാമ്യത്തിൽ വിട്ടയയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ പകർത്തി എ.ഐ. ഉപയോഗിച്ച് ലൈംഗികവൽക്കരിച്ച കേസിൽ സഫർ ദോഗനെ ജാമ്യത്തിൽ വിട്ട സംഭവത്തെ മെട്രോപൊളിറ്റൻ പൊലീസ് കമ്മിഷണർ മാർക്ക് റൗളി വിമർശിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. കേസിൽ കുറ്റസമ്മതം നടത്തിയ ദോഗന് പിന്നീട് രണ്ട് വർഷം തടവുശിക്ഷ ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയിലുകളിൽ തടവുകാരുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കാനിരിക്കുന്ന നേരത്തെയുള്ള മോചന പദ്ധതി അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രതികളെ സമൂഹത്തിൽ നിരീക്ഷിക്കുന്നതിനുള്ള അധിക ചുമതല പൊലീസിനും പ്രൊബേഷൻ സംവിധാനത്തിനും ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തെയുള്ള മോചന നടപടിയുടെ ഭാഗമായി കുറ്റകൃത്യങ്ങൾ ആറുശതമാനം വരെ വർധിക്കാമെന്നും ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൊലീസിന് ഏകദേശം 480 കോടി പൗണ്ട് അധിക ചെലവ് വരാമെന്നും നാഷണൽ പൊലീസ് ചീഫ്സ് കൗൺസിൽ കണക്കാക്കുന്നു.

അതേസമയം, നീതിന്യായ സംവിധാനം കടുത്ത സമ്മർദത്തിലാണെന്ന് നാഷനൽ പൊലീസ് ചീഫ്സ് കൗൺസിൽ അംഗീകരിച്ചു. പൊതുജന സുരക്ഷയ്ക്കും ഇരകളുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ജയിൽ സൗകര്യം അപകടകാരികളും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കായി ഉപയോഗിക്കണമെന്നാണ് പൊലീസ് നിലപാട്. ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വതന്ത്ര ജുഡീഷ്യറിയുടേതാണെന്നും ഇരകളുടെയും സാക്ഷികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പരിഗണിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.