ബിജു കുളങ്ങര 

ലണ്ടൻ ∙ ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐഒസി പ്രവർത്തകർ പങ്കെടുത്തു.

ഐഒസി യുകെ കേരള ചാപ്റ്റർ (ലണ്ടൻ) പ്രസിഡന്റ് സുജു കെ. ഡാനിയൽ  പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും ഭരണഘടനാ സ്ഥാപനങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശമാണ് വോട്ട്. അതുകൊണ്ടുതന്നെ ഒരു അർഹനായ വോട്ടർക്കും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന വിമർശനവും സുജു കെ ഡാനിയേൽ നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചടങ്ങിൽ ഐഒസി കേരള ചാപ്റ്റർ (മിഡ്‌ലാൻഡ്സ്) പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യു മുഖ്യാതിഥിയായി. ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടത് ഇന്ത്യയിൽ കഴിയുന്നവരുടെ മാത്രം ഉത്തരവാദിത്തം അല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി സമൂഹത്തിനും അതിൽ നിർണായക പങ്കുണ്ടെന്നും അവർ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ അനിവാര്യം ആണെന്നും അവർ കൂട്ടിച്ചേർത്തു. ഐഒസി യുകെ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് അപ്പാ ഗഫൂർ സ്വാഗതം പറഞ്ഞു.

ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി അഷ്റഫ് അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ ബേബി കുട്ടി ജോർജ്, അശ്വതി നായർ, ഐഒസി യുകെ നാഷണൽ കമ്മിറ്റി വക്താവ് അജിത് മുതയിൽ, ജനറൽ സെക്രട്ടറിമാരായ അജിത് വെൺമണി, റോമി കുര്യാക്കോസ്, സെക്രട്ടറി റോണി ജേക്കബ്, ജോസഫ് കൊച്ചുപുരയ്ക്കൽ, സാജു മണക്കുഴി എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ബിജു വർഗീസ് നന്ദി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണം സംബന്ധിച്ച ആശങ്കകൾ അവർ പങ്കുവച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര പ്രവർത്തനത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ഉയരുന്ന സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹിയിൽ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരും ജനാധിപത്യ സംരക്ഷണത്തിനായി ശബ്ദമുയർത്തേണ്ടതുണ്ടെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിനും അർഹരായ എല്ലാ പൗരന്മാരുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു.

ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതുവരെ ഇത്തരം ജനകീയ പ്രതിഷേധങ്ങൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. കേരള ചാപ്റ്റർ പിആർഒ അജി ജോർജ്, യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം, ഷിജൻ ജോസ് ജോസഫ്, രാജൻ പടിയിൽ, അഷറഫ് മൊയ്തീൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ലണ്ടനിലെ പ്രതിഷേധം ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വേദിയായി മാറിയെന്നും അതിന് തെളിവാണ് നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തമെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ശബ്ദത്തിന് അർഹമായ പ്രാധാന്യം ഉറപ്പാക്കുന്നതിനും തുടർന്നും ശക്തമായി ഇടപെടുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ നേതാക്കൾ വ്യക്തമാക്കി.