ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സ്കോട്ട് ലൻഡിലെ ലോക്ക് ലോമണ്ടിന് സമീപം ചെറുവിമാനം തകർന്നുവീണ് 16 വയസ്സുകാരനും 80 വയസ്സുകാരനും മരിച്ചു. സ്റ്റെർലിങ് കൗൺസിൽ മേഖലയിലെ ഡ്രൈമെൻ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അടിയന്തരസേവന വിഭാഗങ്ങൾ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി.

റെൻഫ്രൂവിലെ ലീഡിങ് എഡ്ജ് ഫ്ലൈറ്റ് ട്രെയിനിങ്ങിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പൈപ്പർ ടൊമാഹോക്ക് II വിഭാഗത്തിൽപ്പെട്ട ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.17ന് ഗ്ലാസ്ഗോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം 4.37ഓടെ ഡ്രൈമെന് വടക്കുകിഴക്കുള്ള പ്രദേശത്ത് സിഗ്നൽ നൽകുന്നത് അവസാനിപ്പിച്ചു. ഇതിനു മുമ്പ് വിമാനം കംബർനോൾഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് ഗ്ലാസ്ഗോയിലെത്തിയിരുന്നു. പിന്നീട് ടേയ് നദിക്കരയിലെ ന്യൂപോർട്ടിലേക്ക് പറന്നുപോയി മടങ്ങിയെത്തിയ വിമാനം ഒരു മണിക്കൂറിലേറെ വിമാനത്താവളത്തിൽ നിർത്തിയിട്ടശേഷമാണ് അവസാന യാത്ര ആരംഭിച്ചത്.

അപകടത്തിന്റെ കാരണം കണ്ടെത്താൻ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) അന്വേഷണം ആരംഭിച്ചു. തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണസംഘം അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ വ്യോമപാതയിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ചയും പോലീസ് അപകടസ്ഥലത്ത് പരിശോധന തുടരുകയും പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഗ്ലാസ്ഗോ വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടർ ഗാവിൻ ബിർച്ച്-വില്യംസും അനുശോചനം അറിയിച്ചു.











Leave a Reply