തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്ര സ്വദേശിനിയായ 16 വയസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സൈബർ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സ്പാകളിൽ എത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പെൺകുട്ടിയെ ഉപദ്രവിച്ചവരെ തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ പരേഡ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. സംഭവത്തിനു പിന്നിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടോയെന്നും ചെന്നൈയിലും പെൺകുട്ടി ചൂഷണത്തിനിരയായെന്ന ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ബന്ധുക്കൾ കഴിഞ്ഞ ജൂലൈയിലാണ് കോവളത്ത് എത്തിച്ചത്. വിവിധ സ്പാകളിൽ ജോലി ചെയ്യിപ്പിച്ച കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് കേസ്. സ്പായിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനൊപ്പം പെൺകുട്ടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിങ്ങിലുമാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. കേസിൽ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത് കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ പ്രായം 20 വയസ്സാണെന്ന് കാണിക്കുന്ന ആധാർ രേഖ വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെൺകുട്ടിയെ കേരളത്തിലെത്തിച്ച അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും ആന്ധ്രപ്രദേശിൽനിന്ന് കസ്റ്റഡിയിലെടുത്തതായും അവരെ തിരുവനന്തപുരത്ത് എത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്പായിലെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകളും പ്രതികളുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധനയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സ്പാകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.