ലണ്ടൻ: വനിതാ ജീവനക്കാരിയെ സ്വന്തം നഗ്നവും ലൈംഗികസ്വഭാവമുള്ളതുമായ ചിത്രങ്ങൾ കാണിച്ചെന്ന പരാതിയിൽ റിഫോം യുകെ മേയറും മുൻ ഒളിമ്പിക് ബോക്സിങ് ചാംപ്യനുമായ ലൂക്ക് കാംപ്ബെല്ലിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു . ഹൾ, ഈസ്റ്റ് യോർക്ക്ഷയർ മേഖലകളുടെ മേയറായ കാംപ്ബെല്ലിനെ ഈ മാസം ആദ്യം ഹംബർസൈഡ് പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ മേയിൽ മുതിർന്ന വനിതാ സഹപ്രവർത്തകയെ നാല് നഗ്നചിത്രങ്ങൾ കാണിച്ചെന്നാണ് ആരോപണം. എന്നാൽ, ആരോപണങ്ങൾ കാംപ്ബെൽ ശക്തമായി നിഷേധിച്ചതായി റിഫോം യുകെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

ചിത്രങ്ങൾ കണ്ടപ്പോൾ ഞെട്ടലും അപമാനവും അനുഭവപ്പെട്ടതായും സംഭവത്തിനു പിന്നാലെ ജോലി നഷ്ടപ്പെട്ടതായും പരാതിക്കാരി ആരോപിച്ചു. ഹൾ, ഈസ്റ്റ് യോർക്ക്ഷയർ സംയുക്ത അതോറിറ്റിയിലെ ആഭ്യന്തര പരാതി നടപടികളുടെ ഭാഗമായി സമർപ്പിച്ച മൊഴികളിലാണ് ഇക്കാര്യങ്ങളുള്ളത്. ജോലിസ്ഥലത്ത് സമ്മതമില്ലാതെ ലൈംഗികസ്വഭാവമുള്ള ചിത്രങ്ങൾ കാണിച്ചത് തന്റെ അന്തസ്സിനെ ഹനിക്കുകയും അപമാനകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ നിലപാട്. സംഭവത്തിന് ഏകദേശം മൂന്നാഴ്ചയ്ക്കുശേഷം സ്ഥിരം ജോലിക്കുള്ള വാഗ്ദാനം പിൻവലിച്ചതായും അവർ ആരോപിച്ചു. മറ്റൊരു സഹപ്രവർത്തകനും ടാറ്റൂവുള്ള നഗ്നനായ പുരുഷന്റെ ചിത്രം ലാപ്ടോപ്പിൽ കണ്ടതായി മൊഴി നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ജോലി സംബന്ധമായ തർക്കത്തിൽ ഒത്തുതീർപ്പു തുക നേടാനുള്ള ശ്രമമാണ് പരാതിക്കു പിന്നിലെന്നാണ് റിഫോം യുകെയുടെ വിശദീകരണം. മുൻ കൺസർവേറ്റീവ് മന്ത്രിയും ഇപ്പോൾ റിഫോം യുകെ അംഗവുമായ നഡീൻ ഡോറീസ്, 2012 ലെ ലണ്ടൻ ഒളിംപിക്സിൽ സ്വർണം നേടിയശേഷം കാംപ്ബെൽ അർധനഗ്നനായി പ്രത്യക്ഷപ്പെട്ട മാസികയുടെ കവർചിത്രമാണ് വിവാദമെന്നും അവകാശപ്പെട്ടു. എന്നാൽ, ആഭ്യന്തര അന്വേഷണത്തിനിടെ ലഭിച്ച മൊഴികളിൽ പറയുന്ന ചിത്രങ്ങളുടെ വിവരണവുമായി ഈ വാദം പൊരുത്തപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.