ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി അപൂർവ ഫോൺ സംഭാഷണം നടത്തി നാറ്റോ അംഗരാജ്യങ്ങളായ ഫിൻലൻഡിന്റെയും നോർവേയുടെയും നേതാക്കൾ. ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും നോർവേ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറെയുമാണ് പുടിനുമായി സംസാരിച്ചത്. 20 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് നിശ്ചയിച്ചിരുന്ന സംഭാഷണം ഒന്നര മണിക്കൂറിലധികം നീണ്ടു. യുദ്ധം മൂലമുണ്ടാകുന്ന വൻതോതിലുള്ള മനുഷ്യനഷ്ടവും ഭൗതികനാശവും ചൂണ്ടിക്കാട്ടിയ നേതാക്കൾ സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുദ്ധത്തിന്റെ പരിണിതഫലങ്ങൾ യൂറോപ്പിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും സമാധാനം കൈവരിക്കാൻ നേരിട്ടുള്ള ചർച്ചകൾ അനിവാര്യമാണെന്നും അലക്സാണ്ടർ സ്റ്റബ്ബ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, റഷ്യയുടെ താൽപര്യങ്ങൾ പൂർണമായും നിരുപാധികമായും പരിഗണിച്ചാൽ മാത്രമേ സമാധാനം സാധ്യമാകൂവെന്നാണ് പുടിൻ നിലപാടെടുത്തതെന്നാണ് റിപ്പോർട്ട്. ചർച്ചയ്ക്കുശേഷം ഫിൻലൻഡ്, നോർവേ നേതാക്കൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും സംസാരിച്ചു. പുടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് യുക്രെയ്‌നെ നേരത്തേ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചർച്ചയുടെ പ്രാധാന്യം കുറച്ചുകാട്ടി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് രംഗത്തെത്തി. യൂറോപ്യൻ രാജ്യങ്ങൾ സമാധാന ചർച്ചകളിൽ ഇടംനേടാൻ ശ്രമിക്കുകയാണെന്നും യൂറോപ്പിന്റെ നിലപാടിൽ മാറ്റമുണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വർഷം ജൂലൈയ്ക്കുശേഷം ഒരു യൂറോപ്യൻ രാജ്യത്തിന്റെ നേതാക്കളുമായി പുടിൻ നടത്തുന്ന ആദ്യ നേരിട്ടുള്ള സംഭാഷണമാണിത്.

നവംബർ ആദ്യപകുതിയിൽ അബുദാബിയിൽ അമേരിക്ക, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് പുതിയ നീക്കം. റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള പ്രധാന സമാധാന നീക്കങ്ങളിലൊന്നായി ഇതിനെ വിലയിരുത്തുന്നു. അമേരിക്കൻ പ്രതിനിധികളായി പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നറും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ പ്രതിനിധി സംഘത്തിൽ പ്രസിഡന്റ് സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കിറിലോ ബുദാനോവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവും ഉൾപ്പെടും. റഷ്യയെ പ്രതിനിധീകരിച്ച് സൈനിക ഇന്റലിജൻസ് മേധാവി അഡ്മിറൽ ഇഗോർ കൊസ്റ്റ്യുക്കോവ് പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാകുമ്പോഴും സമാധാനത്തിനുള്ള വ്യവസ്ഥകളിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഭിന്നത നിർണായക വെല്ലുവിളിയായി തുടരുകയാണ്.