ഗിരിജാവാര്യർ
കടല് എത്ര കണ്ടാലാണ് മതിയാവുക? അനന്തമായ നീലപ്പരപ്പും അതിനേക്കാൾ വിശാലമായ ആകാശത്തിന്റെ ചാരുതയും ഏതു മനസ്സിനെയാണ് ആകർഷിക്കാതിരിക്കുക? ഒരുപക്ഷേ അവ ഉള്ളിൽ ഒളിപ്പിച്ച ദുരൂഹതകളാകാം ഈ ആകർഷണത്തിനു കാരണം. കുഞ്ഞുനാളിൽ കടലിന്നടിയിലെ മാണിക്യകൊട്ടാരത്തെപ്പറ്റിയുള്ള കഥകൾ കേൾക്കാൻ എന്തു താല്പര്യമായിരുന്നെന്നോ? അതേ ഇഷ്ടമാണ് നീലാകാശത്തെ വെള്ളിമേഘക്കീറുകൾക്കിടയിലൂടെ ഏഴു കുതിരകളെ പൊട്ടിയ സ്വർണ്ണരഥം പായിക്കുന്ന ഗന്ധർവന്റെ കഥയ്ക്കും. വലുതായപ്പോഴും ആ ഇഷ്ടം കുറഞ്ഞില്ല. ഇന്നും കവികളുടെയും കഥാകാരന്മാരുടെയും പ്രിയപ്പെട്ട സങ്കേതമാണ് കടല്.” മോബി ഡിക്കും, ഓൾഡ് മാൻ ആൻഡ് ദ സീ”യുമൊക്കെ എത്രയോ തവണ സാഹിത്യ ചർച്ചകളിൽ ചർവിതചർവണം ചെയ്യപ്പെട്ടവയാണ്. എങ്കിലും അവയ്ക്ക് ചുറ്റും ഇപ്പോഴും അനുപമമായ ഒരു ഭംഗി ചൂഴ്ന്നു നിൽക്കുന്നതുപോലെ.
ലാലി രംഗനാഥിന്റെ നീല കടലിന്റെ രഹസ്യ പുസ്തകവും കടലിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട കഥ തന്നെ. നീലനിറം നിറഞ്ഞു പരന്നു കിടക്കുന്ന പുറംചട്ട ഒറ്റനോട്ടത്തിൽ കണ്ണുകളെ പിടിച്ചുകെട്ടും. വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഞാൻ ആ പുസ്തകം വായിച്ചുതീർത്തത്.
ബാല്യത്തിലേ അച്ഛൻ നഷ്ടപ്പെട്ട നിരീഷ് ദാസ് എന്ന കുഞ്ഞ്, അവനുവേണ്ടിമാത്രം ജീവിച്ച അമ്മ നളിനിവാരസ്യാരുടെ വേദനകൾ ,വല്യച്ഛന്റെ മകൻ സിദ്ധു ഏട്ടനിൽനിന്നുമനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ എല്ലാം നീരുവിനെ ഒരന്തർമുഖനാക്കിമാറ്റി. സ്നേഹംമാത്രം നിറച്ചുവച്ച ഒരു മനസ്സുണ്ടായിട്ടും അത് നീരുവുമായി പങ്കിടാൻ കഴിയാത്ത ഭാര്യ താരയ്ക്കും അയാളെ മനസ്സിലാക്കാൻ കഴിയാത്തത് നീരുവിന്റെ ദൗർഭാഗ്യം.
എന്നാൽ ആഴമുള്ള ദുഃഖങ്ങൾക്കിടയിലും ഈശ്വരൻ നമുക്കായി എന്തെങ്കിലും കരുതിയിട്ടുണ്ടാകും. ആ സമ്മാനങ്ങളാണ് നീരുവിനു രൂപേഷും മായയും. ഉള്ളുതുറക്കാൻ കിട്ടിയ കച്ചിത്തുരുമ്പ്. അവരിൽനിന്ന് നീരുവിനു കിട്ടിയത് പുതിയൊരു ജീവിതംതന്നെയാണ്. അതും എല്ലാം കയ്യിൽനിന്ന് ചോർന്നുപോകും എന്ന സന്ദർഭത്തിൽ! കഥാകാരിയുടെ ഭാഷയിൽ പറഞ്ഞാൽ “നോവുകിളികളെ പറത്തിവിടുന്ന” ഒരു പദ്ധതിയായി നേരുവിന് മായയും രൂപേഷുമായുള്ള സൗഹൃദം.
ഇടയിൽ പലപ്പോഴും കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ ജീവിതത്തിന്റെ ഫിലോസഫിയും നോവലിസ്റ്റ് പ്രകടിപ്പിക്കുന്നുണ്ട്. മായയുടെ വാക്കുകൾ കേട്ടപ്പോൾ നീരുവിന് ഓർമ്മ വന്നത് റൂമിൽ വചനമാണ്.
“ നിന്റെ പ്രശ്നത്തിനുള്ള പരിഹാരവും നീ തന്നെയാണ്. നീ തന്നെയാണ് അടച്ചുപൂട്ടാനുള്ള താഴും അത് തുറക്കാനുള്ള താക്കോലും “
മറ്റൊരിടത്ത് അനുജനെപ്പോലെ കരുതുന്ന സുഹൃത്ത് രൂപേഷിൽ നിന്ന് വരുന്ന ഈ വാക്കുകളും ഒരുനിമിഷം എന്നെ പിടിച്ചുനിർത്തി. ഭാര്യാഭർതൃബന്ധങ്ങളുടെ പൊതുവായഅവസ്ഥ രൂപേഷ് ചിത്രീകരിക്കുന്നത് ഇങ്ങനെ
“ വിവാഹം കഴിഞ്ഞ് ആദ്യമാസങ്ങളിൽ ഭാര്യ പറയുന്നത് ഭർത്താവ് കേൾക്കും. പിന്നീട് കുറെനാൾ ഭർത്താവ് പറയുന്നത് ഭാര്യ കേൾക്കും. കുറേകഴിയുമ്പോൾ രണ്ടുപേരും പറയുന്നത് നാട്ടുകാരു മുഴുവനും കേൾക്കും അതല്ലേ ഇപ്പോഴത്തെ വിവാഹങ്ങളുടെ സ്ഥിതി? “
സത്യത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വാക്കുകളാണ് അവ!
എല്ലാം കലങ്ങിത്തെളിയാനും ചില ബലികൾ അത്യാവശ്യമാണ്. നീരുവിന്റെ സങ്കടക്കാറുകൾ ഒഴിഞ്ഞെങ്കിലും ഒരു ദുഃഖസ്മൃതിയായി മായ എന്നും ഉണ്ടാകും. അതുപോലെ വെള്ളത്തിൽനിന്ന് ഉയർത്തിപ്പിടിച്ച ആ രണ്ടു കൈകളെപ്പറ്റിയുള്ള രഹസ്യവും.
കഥാകാരി പറയുന്നതുപോലെ ചില മനുഷ്യർ കടലുകൾപോലെയാ
ണ്.അടിത്തട്ടിൽ ആരും കാണാതെ മൂടിവയ്ക്കപ്പെടുന്ന രഹസ്യങ്ങൾ കാണും.അവരോടുകൂടിമാത്രം അവശേഷിക്കുന്നവ!
ഐവറി ബുക്ക്സ് പബ്ലിഷ്ചെയ്ത ഈ പുസ്തകം തീർച്ചയായും നിങ്ങൾക്ക് നല്ലയൊരു വായനയനുഭവം സമ്മാനിക്കും . 280/- രൂപയാണ് വില.











Leave a Reply