കൊച്ചി: വിദേശനാണ്യ വിനിമയ ചട്ടലംഘനവും ഹവാല ഇടപാടുകളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി പത്തോളം കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിദേശത്തേക്കും തിരിച്ചുമുള്ള പണത്തിന്റെ അനധികൃത കൈമാറ്റവുമാണ് അന്വേഷണ പരിധിയിലുള്ളത്. സ്വർണവ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവരുടെയും വിദേശത്ത് ബിസിനസ് ബന്ധങ്ങളുള്ളവരുടെയും സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക ബാങ്കിങ് സംവിധാനങ്ങളെ മറികടന്ന് ഹവാല ശൃംഖലകൾ വഴി പണം കൈമാറിയിട്ടുണ്ടോയെന്നും ഇത്തരം ഇടപാടുകൾക്ക് സഹായം നൽകിയവരുടെ പങ്കെന്താണെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. കൊച്ചി, കോഴിക്കോട് ഇ.ഡി ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേന്ദ്രസേനാംഗങ്ങളും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
പരിശോധനയിൽ സാമ്പത്തിക രേഖകളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും വിദേശനാണ്യ വിനിമയ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം, പരിശോധനയിൽ എന്തെല്ലാം രേഖകളോ മറ്റ് തെളിവുകളോ കണ്ടെത്തിയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.











Leave a Reply