തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ (EM Radha) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി നെടുമങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വനിതാ കമ്മിഷൻ, വയോജന കമ്മിഷൻ എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുള്ള രാധ, സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ദീർഘകാലം സി.പി.എം. അംഗമായിരുന്ന രാധ, പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ അവർ ‘മകളുടെ ഓർമ്മയിൽ ഇ.എം.എസ്’ എന്ന പുസ്തകത്തിലൂടെ പിതാവ് ഇ.എം.എസ്സിന്റെ വ്യക്തിജീവിതവും കുടുംബബന്ധങ്ങളും വായനക്കാർക്ക് പരിചയപ്പെടുത്തി. പൊതുജനങ്ങൾക്ക് അധികം അറിയാത്ത ഇ.എം.എസ്സിന്റെ കുടുംബജീവിതവും ഭാര്യയുമായുള്ള ബന്ധവുമെല്ലാം ലളിതമായ ഭാഷയിൽ പുസ്തകത്തിൽ അവതരിപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സി.കെ. ഗുപ്തനാണ് ഭർത്താവ്. മകൻ: സിദ്ധാർഥ് ഗുപ്തൻ. സഹോദരങ്ങൾ: പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം. ശ്രീധരൻ, എസ്. ശശി. ഇ.എം. രാധയുടെ ആരോഗ്യനിലയെക്കുറിച്ച് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചില തെറ്റായ പ്രചാരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാർട്ടി തങ്ങളെയും കുടുംബത്തെയും മികച്ച രീതിയിലാണ് പരിചരിക്കുന്നതെന്ന് ഭർത്താവ് തന്നെ അന്ന് വ്യക്തമാക്കിയിരുന്നു. രാധയുടെ വിയോഗവാർത്ത സി.പി.എം. ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു.