ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പുതുവർഷത്തിൽ ബ്രിട്ടനിലെ കുടുംബങ്ങൾക്ക് വൈദ്യുതി, ഗ്യാസ് ബില്ലുകൾ കനത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് മുന്നറിയിപ്പ്. ജനുവരി മുതൽ സാധാരണ കുടുംബത്തിന്റെ വാർഷിക ഊർജ ചെലവ് 26 ശതമാനം വർധിച്ച് 2,166 പൗണ്ടിലെത്തുമെന്നാണ് ഊർജ വിപണിയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ കോൺവാൾ ഇൻസൈറ്റിന്റെ ഏറ്റവും പുതിയ പ്രവചനം. നിലവിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വർഷത്തിൽ 443 പൗണ്ടിന്റെ അധിക ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം ആഗോള ഗ്യാസ് വിപണിയിലുണ്ടായ വിലക്കയറ്റവും യൂറോപ്പിലെ ഗ്യാസ് സംഭരണശേഖരത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ സെപ്റ്റംബറിൽ 16 ശതമാനം വർധനയോടെ ബില്ലുകൾ 1,999 പൗണ്ടിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഒക്ടോബറിലെ വിപണിവിലയിലെ മാറ്റങ്ങൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഊർജ നിരക്ക് നിയന്ത്രിക്കുന്ന ഓഫ്ജെം നവംബർ 25ന് ജനുവരി മുതൽ മാർച്ച് വരെയുള്ള പുതിയ പ്രൈസ് ക്യാപ് പ്രഖ്യാപിക്കും. അതുവരെ 2,166 പൗണ്ട് എന്നത് പ്രവചനം മാത്രമാണ്. പ്രൈസ് ക്യാപ് ഊർജത്തിന്റെ യൂണിറ്റ് നിരക്കിനും പ്രതിദിന സ്ഥിരനിരക്കിനുമാണ് പരിധി നിശ്ചയിക്കുന്നത്; ഓരോ കുടുംബത്തിന്റെയും യഥാർഥ ബിൽ ഉപയോഗത്തിനനുസരിച്ച് വ്യത്യാസപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്കും ഉയരുകയാണ്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബറിലെ 3.5 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ പണപ്പെരുപ്പം 3.6 ശതമാനമായി ഉയർന്നു. പെട്രോൾ വിലയിലെ വർധനയും ഡീസൽ വില റെക്കോർഡ് നിലവാരത്തിലെത്തിയതുമാണ് ഇതിന് കാരണമായത്. തണുപ്പുകാലത്ത് ഊർജ ഉപയോഗം വർധിക്കുന്ന സമയത്ത് ബില്ലുകൾ ഉയരുന്നത് കുടുംബങ്ങളുടെ ജീവിതച്ചെലവിനെ കൂടുതൽ ബാധിക്കുമെന്ന് കോൺവാൾ ഇൻസൈറ്റിലെ റീട്ടെയിൽ മാർക്കറ്റ്സ് വിഭാഗം മേധാവി ക്രെയ്ഗ് ലോറി മുന്നറിയിപ്പ് നൽകി. വർധിച്ചുവരുന്ന ജീവിതച്ചെലവിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഊർജ ബില്ലുകളുടെ താങ്ങാനാകുന്ന നിരക്ക് ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് ഊർജ സെക്രട്ടറി മിയാറ്റ ഫൻബുല്ലെ വ്യക്തമാക്കി.

അതേസമയം, സാമ്പത്തിക സമ്മർദം നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ജനുവരി മുതൽ 100 പൗണ്ടിന്റെ ഒറ്റത്തവണ സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ കൗൺസിൽ ടാക്സ് ബാൻഡ് എ മുതൽ ഡി വരെയുള്ള വീടുകളിൽ താമസിക്കുന്ന 20 ദശലക്ഷം വരെ കുടുംബങ്ങൾക്ക് ഈ സഹായം ലഭിക്കും. ഏകദേശം 2.6 ബില്യൺ പൗണ്ട് ചെലവഴിച്ചുള്ള പദ്ധതിയുടെ തുക അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകാനാണ് തീരുമാനം. ഇതിനു പുറമെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ അർഹരായ കുറഞ്ഞ വരുമാനക്കാർക്ക് 150 പൗണ്ടിന്റെ വാം ഹോം ഡിസ്കൗണ്ടും തുടരും. വൈദ്യുതി ബില്ലിലെ അഞ്ച് ശതമാനം വാറ്റ് ഇളവ് 2027 ജൂലൈ വരെ നീട്ടിയതും കുടുംബങ്ങൾക്ക് ആശ്വാസമാകും. എന്നാൽ 100 പൗണ്ടിന്റെ സഹായപദ്ധതി ഇംഗ്ലണ്ടിലെ വീടുകൾക്കാണ് നേരിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്; സ്കോട്ട് ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ സമാനമായ സഹായനടപടികൾ അതത് ഭരണകൂടങ്ങൾ തീരുമാനിക്കേണ്ടതാണ്. ഊർജ വിലക്കയറ്റവും ജീവിതച്ചെലവും ഒരേസമയം ഉയരുന്നത് ബ്രിട്ടനിലെ മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ കൂടുതൽ സമ്മർദത്തിലാക്കുമെന്നാണ് വിലയിരുത്തൽ.