യുഎഇയിലെ റാസൽഖൈമയിലുണ്ടായ വൻ ബസ് അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സൂചന. അപകടത്തിൽപ്പെട്ട യാത്രാബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരിച്ചവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ റാസൽഖൈമ അധികൃതരോ ഇന്ത്യൻ കോൺസുലേറ്റോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാനിൽ സന്ദർശക വിസ പുതുക്കുന്നതിനായി യാത്ര ചെയ്തിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ റാസൽഖൈമയിലെ തെക്കൻ മേഖലയിലുള്ള അൽ വതൻ റോഡിലായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 11 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ പിന്നീട് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ ഉടൻ റാസൽഖൈമ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ്, രക്ഷാപ്രവർത്തക, സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.











Leave a Reply