ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഈ ആഴ്ച വ്യാഴം, ശനി ദിവസങ്ങളിൽ ബ്രിട്ടനിലെ ട്രെയിനുകളിൽ അഞ്ചിലൊന്ന് മാത്രം സർവീസ് നടത്തും. അതിനാൽ അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്ന് നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. ആർഎംടി, ടിഎസ്എസ്എ, യൂണിറ്റ് യൂണിയനുകളിലെ ആയിരക്കണക്കിന് അംഗങ്ങളാണ് ഈ ദിവസങ്ങളിൽ സമരത്തിനിറങ്ങുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ട്രെയിൻ ഓടില്ല. സർവീസുകൾ നടത്തുന്നവ രാവിലെ 7.30 ന് ആരംഭിച്ച് വൈകുന്നേരം 6.30 ന് പതിവിലും വളരെ നേരത്തെ അവസാനിപ്പിക്കും.

ശമ്പളം, തൊഴിൽ സുരക്ഷ, വ്യവസ്ഥകൾ, പെൻഷനുകൾ എന്നിവയെച്ചൊല്ലി റെയിൽ ഓപ്പറേറ്റർമാരുമായും നെറ്റ്‌വർക്ക് റെയിലുമായും യൂണിയനുകൾ തുടരുന്ന തർക്കം കാരണമാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. വേനൽക്കാലത്ത്, 30 വർഷത്തിനിടയിലെ ഏറ്റവും വലിയ റെയിൽ പണിമുടക്ക് ഉൾപ്പെടെ നിരവധി സമരങ്ങൾ ജനങ്ങളുടെ യാത്രാ പദ്ധതികളെ ബാധിച്ചു. ഈ ആഴ്ച പണിമുടക്കുന്ന യൂണിയനുകളിൽ ട്രാൻസ്‌പോർട്ട് സാലറിഡ് സ്റ്റാഫ്സ് അസോസിയേഷനും (ടിഎസ്എസ്എ) ഉൾപ്പെടുന്നു.

പണിമുടക്കല്ലാതെ തൊഴിലാളികൾക്ക് വഴിയില്ലെന്ന് ടി‌എസ്‌എസ്‌എ യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് പറഞ്ഞു.