മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ശുഭവാര്‍ത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.

കുട്ടിയെ കണ്ടെത്തിയ വിവരം തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്.

തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.