ജോൺ കുറിഞ്ഞിരപ്പള്ളി
സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.
 തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ.
ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ പൂക്കളുമായി സന്ദർശകരായി വരും. അപ്പോൾ വീടിന് അനക്കം വയ്ക്കുന്നു.ഇടദിവസങ്ങളിൽ നല്ല കാലാവസ്ഥ ആണെങ്കിൽ വല്ലപ്പോഴും വൃദ്ധൻ  വീടിന്റെ ബാൽക്കണിയിൽ വന്ന് ഇരിക്കുന്നതു കാണാം.
ചിലപ്പോൾ ഒന്നും രണ്ടും അയൽവക്കത്ത് ഉള്ളവരുമായി സംസാരിക്കും. ഏകാന്തതയുടെ തടവുകാരനായി അകലേക്കു നോക്കി അങ്ങിനെ ബാൽക്കണിയിലെ വെയിൽ കൊണ്ട് അവിടെ കുറച്ചു സമയം ഇരിക്കും
ഒരു വാരാന്ത്യത്തിൽ മക്കൾ മൂന്നുപേരും അവരുടെ മക്കളും എല്ലാമായി ഒരു ജനക്കൂട്ടത്തെ അയൽക്കാർ അവിടെ കണ്ടു. ആട്ടും പാട്ടും ഗ്രിൽ പാർട്ടിയുമെല്ലാമായി രാത്രി വൈകിയും അവർ  ആഘോഷിച്ചുകൊണ്ടിരുന്നു.രാത്രി വളരെ വൈകിയും ആഘോഷത്തിന്റെ അലയൊലികൾ പുറത്തും കേൾക്കാമായിരുന്നു. പാവം മനുഷ്യൻ,സന്തോഷിക്കട്ടെ.
പിറ്റേ ദിവസം കാലത്തു ഒരു പോലീസ് വാഹനവും ഒരു ആംബുലൻസും വീടിനു മുൻപിൽ വന്നു നിന്നു.വൃദ്ധന്റെ ശവശരീരം  ആംബുലൻസിൽ കയറ്റി അവർ തിരിച്ചു പോയി.പുറത്തു വന്ന മക്കളിൽ  ഒരാളോട് ചോദിച്ചു,”എന്ത് പറ്റി ?പെട്ടന്ന്……………….?
“Selbst murder”,അതായത് ആത്മഹത്യ.
തൊണ്ണൂറ്റി രണ്ടു വയസ്സുള്ള ആ മനുഷ്യൻ ആത്മഹത്യ ചെയ്തു.
മക്കളും മക്കളുടെ മക്കളും ആയി പുലരും വരെ ആട്ടവും പാട്ടും എല്ലാമായി കഴിഞ്ഞിട്ട് ഒരാൾ ആത്മഹത്യ ചെയ്യുക.?
“ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല, മരിച്ചാൽ മതി എന്ന തോന്നൽ മൂലം അദ്ദേഹം സ്വയം തിരഞ്ഞെടുത്തതാണ് ആത്മഹത്യ. “
“ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു,നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച സമയത്തു് അദ്ദേഹം പോയി” .
ആത്മഹത്യയിൽ മൂന്നാം കക്ഷി സഹായം തേടുന്നത് സ്വിറ്റ്‌സർലൻഡിൽ അനുവദനീയവും നിയമപരവുമാണ്.ആത്മഹത്യക്ക്  സഹായിച്ച വ്യക്തിക്ക് മരിച്ച ആളിൽനിന്നു  സാമ്പത്തിക നേട്ടങ്ങൾക്ക് അർഹതയില്ല (ആർട്ടിക്കിൾ 115, സ്വിസ് ക്രിമിനൽ കോഡ് ).
ഫിസിഷ്യൻ സഹായത്തോടെയുള്ള ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തി  എക്സിറ്റ് എന്ന ഓർഗനൈസേഷനിൽ അംഗത്വം എടുക്കണം.
ആശുപത്രി റിപ്പോർട്ടുകൾ , മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ നിന്നുള്ള അനുമതിപത്രം ഇവ അവിടെ ഹാജരാക്കണം.
ഈ രേഖകൾ സ്വീകരിച്ച് ബോദ്ധ്യപ്പെട്ടാൽ ഒരു കൗൺസിലർ വ്യക്തിഗത അഭിമുഖം നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്യും.
ഈ കൗണ്സിലിഗിന്റെ ഉദ്ദേശ്യം , ആത്മഹത്യയ്ക്ക് ബദലുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുകയാണ്.അതായത് പ്രശനപരിഹാരത്തിന് ഏറ്റവും അനുയോജ്യമായ മറ്റു വഴികൾ കൗൺസിലർ വിശദീകരിക്കുന്നു.കൗൺസിലിംഗിനുശേഷവും വൈദ്യസഹായത്തോടെ ആത്മഹത്യയ്ക്കുള്ള  ആഗ്രഹം അംഗം സ്ഥിരീകരിക്കുകയാണെങ്കിൽ, മാരകമായ മരുന്നിനുള്ള ഒരു പ്രിസ്‌ക്രിപ്‌ഷൻ സൊസൈറ്റി  ബന്ധപ്പെട്ട ഡോക്ടറോട് ആവശ്യപ്പെടും.ഹെഡ് ഓഫീസ് മരുന്ന് സ്വീകരിക്കുന്നു.
മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ആത്മഹത്യയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം.
അംഗം നിശ്ചയിച്ച തീയതിയിൽ, സമയത്ത്  തിരഞ്ഞെടുത്ത രീതിയിൽ മരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്സിറ്റ് നടത്തുന്നു. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യത്തിൽ അനുയോജ്യമായ അന്തരീക്ഷം സഹായി ഉറപ്പാക്കും.  മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സ്വന്തമായി അന്തിമ നടപടികൾ നടപ്പിലാക്കുന്നു.
വെള്ളത്തിൽ ലയിക്കുന്ന ബാർബിറ്റ്യൂറേറ്റ് കുടിക്കുകയോ അല്ലെങ്കിൽ ഇൻഫ്യൂഷൻ സ്റ്റോപ്പ്കോക്കിന്റെ ടാബ് തുറക്കുകയോ ആണ് സാധാരണ ചെയ്യുക. എക്സിറ്റിലെ സഹായി അതിന്നുള്ള ക്രമീകരണങ്ങൾ മാത്രം നടത്തുന്നു .മേശപ്പുറത്ത് കുടിക്കുവാനുള്ള വിഷം തയ്യാറാക്കി വയ്ക്കുന്നു, അല്ലങ്കിൽ ഇൻഫ്യൂഷൻ തയ്യാർ ചെയ്യും.
മരുന്ന് നൽകിയ ശേഷം, വ്യക്തി സ്വയം ഇഷ്ടപെട്ട രീതി സ്വീകരിച്ച് അവന്റെ അല്ലെങ്കിൽ അവളുടെ പ്രിയപ്പെട്ടവരുടെ  ഇടയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ആഴത്തിലുള്ള ഉറക്കത്തിൽ വീഴുന്നു.തുടർന്ന് സമാധാനപരമായും വേദനയില്ലാതെയും മരണം സംഭവിക്കുന്നു.
സ്വിറ്റസർലണ്ടിൽ ആത്മഹത്യയും ആത്മഹത്യാശ്രമവും 1890 കളിൽ നിയമവിധേയമാക്കി. 1918 മുതൽ, അതിനുള്ള സഹായം നിയമപരമാണ്. നിലവിലെ രൂപത്തിലുള്ള നിയമം 1942 മുതലുള്ളതാണ്.
ആത്മഹത്യയ്ക്ക് സഹായം തേടാൻ സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതി അംഗീകരിച്ച നിബന്ധനകളുണ്ട്.അവൻ അല്ലെങ്കിൽ അവൾ എന്താണ് ചെയ്യുന്നതെന്ന് പൂർണ്ണ ബോദ്ധ്യം ഉണ്ടായിരിക്കണം.ഏതെങ്കിലും മൂന്നാം കക്ഷിയുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല. വ്യക്തി സ്വന്തം കൈകൊണ്ട് ആത്മഹത്യ ചെയ്യുന്നു.
ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് പോലും പതിനെട്ടു വയസ്സ് പ്രായമുണ്ടങ്കിൽ ആത്മഹത്യ സഹായം സാങ്കേതികമായി നിയമപരമായിരിക്കും.കൂടാതെ  സ്വിസ്സ്  പൗരന്മാരോ സ്ഥിര താമസക്കാരോ ആയിരിക്കണം. ദീർഘകാല എക്സിറ്റ് അംഗങ്ങൾക്ക് മുൻഗണന നൽകുന്നു.
ആത്മഹത്യയുടെ പ്രാധാന്യം വിലയിരുത്താനുള്ള ശേഷിയുണ്ടെങ്കിൽ  മാനസികരോഗമുള്ളവർക്ക് ആത്മഹത്യ സഹായം നൽകാമെന്ന് സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതിയുടെ വിധിയുണ്ട്.എങ്കിലും മാനസിക വൈകല്യമുള്ളവരെ എക്സിറ്റ് സഹായിക്കുന്ന കേസുകൾ വളരെ അപൂർവമാണ്.
അത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട മുൻ വ്യവസ്ഥകൾ അങ്ങേയറ്റം കർശനമാണ്. രണ്ട് സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സൊസൈറ്റിയുടെ എത്തിക്സ് കമ്മീഷന്റെ വിധിയും നിർബ്ബന്ധമാണ്.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്  രോഗത്തിൻറെ പ്രാരംഭ ഘട്ടത്തിൽ‌ മാത്രമേ ഫിസിഷ്യൻ‌ സഹായത്തോടെയുള്ള ആത്മഹത്യകൾ‌ക്ക് അർഹതയുള്ളൂ.
എക്സിറ്റ് സഹായത്തോടെയുള്ള ആത്മഹത്യ ഉൾപ്പെടെ ഏത് ആത്മഹത്യയും “അസാധാരണമായ മരണം” എന്ന് നിയമപരമായി കണക്കാക്കപ്പെടുന്നു. വ്യക്തി അന്തരിച്ചുകഴിഞ്ഞാൽ, സ്വിസ് പോലീസിനെ അറിയിക്കേണ്ടതാണ്.
“നിയമപരമായ പരിശോധന” നടത്താൻ പോലീസ് സാധാരണയായി ആരോഗ്യ മെഡിക്കൽ ഓഫീസറെയും ജില്ലാ അറ്റോർണിയെയും കൊണ്ടുവരും. ബാധകമായ എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ഈ ഓൺ-സൈറ്റ് അന്വേഷണത്തിന്റെ ഉദ്ദേശ്യം.
എക്സിറ്റ് സഹായത്തോടെയുള്ള ആത്മഹത്യ ചെയ്താൽ പോസ്റ്റ്‌മോർട്ടങ്ങൾ വളരെ അപൂർവമാണ്.
കഷ്ടപ്പാടുകൾ അസഹനീയമാകുമ്പോൾ, ചില ആളുകൾ അത് ദീർഘനേരം കാണുന്നതിനേക്കാൾ മരിക്കാൻ ആഗ്രഹിക്കുന്നു. എക്സിറ്റ് അത്തരം ആളുകളെ അവരുടെ വിധിയയ്ക്ക് വിടാതെ   സ്വയം നിർണ്ണയിക്കാനുള്ള അവകാശത്തിൽ പിന്തുണയ്ക്കുന്നു. എക്സിറ്റിന്റെ ഓപ്ഷൻ യഥാർത്ഥത്തിൽ ആത്മഹത്യ തടയുന്നതിനുള്ള ഫലപ്രദമായ രൂപമാണ്. എഴുപത്തഞ്ചു ലക്ഷം ജനങ്ങൾ വസിക്കുന്ന സ്വിറ്റ്സർലന്റിൽ
എക്സിറ്റ്  അംഗങ്ങളുടെ എണ്ണം നിലവിൽ 120,000 ത്തിൽ കൂടുതലാണ്.
എക്സിറ്റ് സ്ഥാപിതമായത് 1982 ലാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയ്ക്കു വേണ്ടിയുള്ള സ്ഥാപനമാണിത്.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം ചെന്ന ശാസ്ത്രജ്ഞൻ, ഡേവിഡ് ഗുഡൽ 104-ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കാൻ സ്വിറ്റ്സർലൻഡിലേക്ക് വരികയുണ്ടായി.
ഡേവിഡ് ഗുഡലിന് ഒരു അസുഖവും ഉണ്ടായിരുന്നില്ല. പക്ഷേ ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് നഷ്ടമായി.ബാസലിലെ അസിസ്റ്റഡ് ഡൈയിംഗ് ഏജൻസി ലൈഫ് സർക്കിളുമായി ബന്ധപ്പെട്ടു.
മെയ് 10 ന് ജീവിതം അവസാനിപ്പിക്കാനായി സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ഫ്രാൻസിലെ ബാര്ഡോയിലെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നിരവധി ദിവസം ചെലവഴിച്ചു.എല്ലാവരോടും യാത്ര പറഞ്ഞ് യാത്രയായി.
(ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.പൊതുവായ അറിവിനു വേണ്ടി മാത്രം. Exit-ന്റെ പ്രവർത്തനങ്ങൾ നിയമങ്ങൾ കൃത്യമായി അനുസരിക്കുന്ന Switzerlad പോലെയുള്ള രാജ്യങ്ങളിലെ നടപ്പാക്കാൻ സാധിക്കുകയുള്ളു.)

ജോൺ കുറിഞ്ഞിരപ്പള്ളി