സ്വന്തം പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിരയെന്ന വയോധിക കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ മൂന്നു കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു.

ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നതുകണ്ടതോടെ അവയെ തുരത്താന്‍ ഇന്ദിര ശ്രമിക്കുകയായിരുന്നു. രണ്ട് കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോയെങ്കിലും ഒരു ആന പുരയിടത്തിലേക്കെത്തി ഇന്ദിരയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

കാലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ദിരയ്ക്ക് പെട്ടെന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നാണ് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്ത് റബ്ബര്‍ വെട്ടുകയായിരുന്ന തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നതായും ആന തലയ്ക്ക് ചവിട്ടിയിട്ടുണ്ടാകാം എന്നുമാണ് ഇവര്‍ പറയുന്നത്.

രാവിലെ 7.15-ഓടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് എന്നാണ് വിവരം.

ഇടുക്കി- എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതും മലയാറ്റൂര്‍ റിസര്‍വ്വിനോട് ചേര്‍ന്നതുമായ പ്രദേശവുമാണ് കാഞ്ഞിരവേലി. കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശമാണിത്. വന്യജീവി ആക്രമങ്ങളെ ഭയന്ന് പ്രദേശത്തെ വലിയ ശതമാനം ജനങ്ങളും നേരത്തെ ഇവിടംവിട്ടുപോയിരുന്നു.

പകല്‍ സമയത്തുപോലും കൊച്ചി- ധനുഷ്‌കോടി ദേശീയപാത കാട്ടാനകള്‍ മുറിച്ചുകടക്കാറുണ്ട്. വനംവകുപ്പ് ആര്‍.ആര്‍.ടി. സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇവയെ വിരട്ടിയോടിക്കാറ്.

നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം റേഞ്ച് ഓഫീസിന് മുന്നിലൂടെയാണ് കൊണ്ടുവരിക എന്നാണ് വിവരം.