മുന്‍കൂട്ടി ടിക്കെറ്റെടുക്കാതെ നോര്‍ത്തേണ്‍ റെയിലില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ ഇരട്ടി തുകയോ 20 പൗണ്ട് പിഴയോ നല്‍കേണ്ടി വരും. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളിലായിരിക്കും പുതിയ ചാര്‍ജ് നിരക്ക് നിലവില്‍ വരുക. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് പ്രധാന നോര്‍ത്തേണ്‍ നഗരങ്ങളിലേക്കുള്ള ട്രെയിനുകളില്‍ അടുത്ത മാസം മുതല്‍ പുതിയ രീതി നിലവില്‍ വരും. പുതിയ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക തിരക്കിട്ട് സ്റ്റേഷനിലെത്തുന്ന യാത്രക്കാരെയായിരിക്കും. സ്റ്റേഷനിലെത്തി ടിക്കറ്റ് സ്ലിപ്പുകള്‍ എടുക്കാന്‍ സമയം ലഭിക്കാത്ത ഇത്തരക്കാര്‍ സാധാരണയായി ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍മാരില്‍ നിന്ന് ടിക്കറ്റെടുക്കുകയാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമാകില്ല.

കാഷ് പേയ്‌മെന്റ് നടത്തുന്നവര്‍ തീവണ്ടിയില്‍ കയറുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന മെഷനില്‍ നിന്ന് പേ സ്ലിപ് എടുക്കുകയും ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍ക്ക് പണം നല്‍കി ടിക്കറ്റ് വാങ്ങുകയും വേണം. കാര്‍ഡ് വഴി പേയ്‌മെന്റ് നടത്തുന്ന ആളുകള്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുകയാണെങ്കില്‍ 20 പൗണ്ട് പിഴ നല്‍കേണ്ടി വരും. മെഷീന്‍ തകരാറ് തുടങ്ങിയ കാരണങ്ങള്‍ മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത യാത്രക്കാരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കും. സാങ്കേതികത്തകരാറ് മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്തവര്‍ ഇറങ്ങേണ്ട സ്ഥലമെത്തുന്നതിന് മുന്‍പ് തന്നെ കണ്ടക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് ടിക്കറ്റ് എടുക്കണം. അല്ലാത്തപക്ഷം പിഴ ലഭിക്കുന്നതായിരിക്കും.

ഓണ്‍ലൈന്‍ വഴിയോ റെയില്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ വിക്ടോറിയയില്‍ നിന്ന് യോര്‍ക്ക് വരെയും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് വാറിംഗ്ട്ടണ്‍ വഴി ലിവര്‍പൂളിലേക്കും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വഴി വിംസ്ലോയിലേക്കും യാത്ര ചെയ്യുന്നവരെ ആയിരിക്കും പുതിയ ടിക്കറ്റ് സംവിധാനം ബാധിക്കുക. കൂടാതെ ഷെഫീല്‍ഡ് വഴി മൂര്‍ത്തോര്‍പ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ രീതി ബാധകമാവും. സ്‌റ്റേഷനിലുള്ള കളക്ടേഴ്‌സായിരിക്കും പിഴ ഈടാക്കുക. 2016ല്‍ പുറത്തിറക്കിയ ‘ബൈ ബിഫോര്‍ യു ബോര്‍ഡ്’ കാംമ്പയിന്റെ ഭാഗമായിട്ടാണ് പിഴ ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ റീജണല്‍ ഡയറക്ടര്‍ ലിയാം സംപ്റ്റര്‍ പറഞ്ഞു.